യൂറോപ്പിന്റെ സന്തതികള്‍

അനില്‍  ചേലേമ്പ്ര
പതിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഗുഡ്‌ഹോപ് മുനമ്പു ചുറ്റി പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ എത്തുന്നതുവരെയും ഈ ദേശത്തെക്കുറിച്ച് യൂറോപ്യന്‍മാര്‍ക്ക് നേരിട്ടുള്ള അറിവുണ്ടായിരുന്നില്ല. കടല്‍ മാര്‍ഗം തുറന്നുകിട്ടിയതോടെ ഇന്ത്യക്കും യൂറോപ്പിനുമിടയില്‍ വസ്തുക്കളുടെയും ആശയങ്ങളുടെയും കടത്ത് ആരംഭിച്ചു. കച്ചവടക്കാരോടൊപ്പം അംബാസഡര്‍മാരും പാതിരിമാരും സൈനികരും പണ്ഡിതരും യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നു. പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഹോളണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം പല ലക്ഷ്യത്തോടെ യാത്രികര്‍ ഇന്ത്യയിലെത്തി. തുടര്‍ന്നു വന്ന നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍മാര്‍ ഇന്ത്യയെക്കുറിച്ച് ഉല്‍പാദിപ്പിച്ച അറിവ് യൂറോപ്യന്‍ ചിന്തയെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി.
ആധുനികതയുടെ യുഗത്തില്‍ യൂറോപ്പ് ഇന്ത്യയെക്കുറിച്ച് ഉണ്ടാക്കിയ അറിവുരൂപങ്ങളുടെ വികാസത്തെ പിന്‍പറ്റാന്‍ ശ്രമിക്കുന്ന പുസ്തകമാണ് സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ 'യൂറോപ്പിന്റെ ഇന്ത്യ' എന്നത്. ഇന്ത്യയെ യൂറോപ്യന്‍മാര്‍ പ്രതിനിധീകരിച്ച വിധങ്ങള്‍ കണ്ടെടുക്കുന്നതിലും അവയുടെ പാരസ്പര്യത്തെ വ്യാഖ്യാനിക്കുന്നതിലും ഗ്രന്ഥകര്‍ത്താവ് പുലര്‍ത്തുന്ന ജാഗ്രത അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെയും ഗവേഷണ നൈപുണിയുടെയും തെളിവാണ്. 16ാം നൂറ്റാണ്ടു മുതലുള്ള പല പാഠങ്ങളും അദ്ദേഹം തിരഞ്ഞെടുക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ശരിയായ അറിവ്/ യൂറോപ്യന്‍ കല്‍പനകള്‍ എന്ന ദ്വന്ദ്വത്തെ സുബ്രഹ്മണ്യം നിരാകരിക്കുന്നു. പകരം അറിവിനെ അത് ഉല്‍പാദിപ്പിച്ച സന്ദര്‍ഭവുമായി ചേര്‍ത്തുവച്ച് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയെക്കുറിച്ച് യൂറോപ്യന്‍മാര്‍ ഉണ്ടാക്കിയ അറിവ് അവരുടെ കലയെയും ഭാഷയെയും മതത്തെയും വ്യാപാരത്തെയുമൊക്കെ ആഴത്തില്‍ സ്വാധീനിച്ചതായി ഗ്രന്ഥകര്‍ത്താവ് കണ്ടെത്തുന്നു.
കാലഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറാണ് സഞ്ജയ് സുബ്രഹ്മണ്യം. 1998ല്‍ കോഴിക്കോട്ടും കൊച്ചിയിലും വന്നു. വാസ്‌കോ ഡ ഗാമ ഇന്ത്യയില്‍ എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികത്തില്‍ കൊളോണിയലിസത്തെക്കുറിച്ച് നടത്തിയ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു അത്. അമയ് കുമാര്‍ ബഗ്ചി, പാര്‍ഥ ചാറ്റര്‍ജി, കേശവന്‍ വെളുത്താട്ട്, രാഘവ വാരിയര്‍ എന്നിവരെല്ലാം അന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആ കൂടിക്കാഴ്ചയുടെ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പുസ്തകത്തെക്കുറിച്ചുള്ള ആശയം രൂപപ്പെട്ടതെന്ന് സുബ്രഹ്മണ്യം പറയുന്നു.
80കളിലാണ് എഡ്വേര്‍ഡ് സെയ്ദിന്റെ ഓറിയന്റലിസം ചിന്താലോകത്തെയാകമാനം പിടിച്ചുലച്ചത്. അറബ് ലോകത്തെ കേന്ദ്രീകരിച്ചാണ് സെയ്ദിന്റെ പഠനം നടന്നതെങ്കിലും അതിലെ നിഗമനങ്ങള്‍ പലതും ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണല്ലോ. ഇന്ത്യന്‍ ചരിത്രകാരന്‍മാര്‍ കീഴാള പഠനങ്ങള്‍ നിര്‍വഹിക്കാന്‍ ആരംഭിച്ചതോടെ പൗരസ്ത്യവാദത്തിന്റെ പുതുസാധ്യതകള്‍ വീണ്ടും തെളിഞ്ഞുവന്നു. മാര്‍ക്‌സ് ഇന്ത്യയെ വിലയിരുത്തിയതിനെ പൗരസ്ത്യവാദത്തിന്റെ വെളിച്ചത്തില്‍ സെയ്ദ് വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഇതിനെതിരേ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍മാര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍, പൗരസ്ത്യവാദം അവതരിപ്പിക്കപ്പെട്ടതിനു ശേഷമുണ്ടായ ബൗദ്ധിക പരിസരത്തിലാണ് ഈ പുസ്തകം കടന്നുവന്നത്. സവിശേഷമായ അറിവ് അധികാരത്തെ സ്ഥാപിക്കുന്നത് എങ്ങനെയെന്ന ഫുക്കോള്‍ഡിയന്‍ നിരീക്ഷണം തന്നെയാണ് ഈ പുസ്തകത്തിനും ആധാരം. ചരിത്രത്തിന്റെ തുടര്‍ച്ചയല്ല, ഇടര്‍ച്ചയാണ് ഇതിലെ പ്രമേയം.
മുഗളന്‍മാരുടെ കാലത്ത് ഇന്ത്യയില്‍ വന്ന ചില ഫ്രഞ്ച് ഉദ്യോഗസ്ഥരുടെ വിവരണങ്ങളും മറ്റും പരിശോധിച്ചുകൊണ്ടാണ് ഈ കൃതി ആരംഭിക്കുന്നത്. തീരദേശത്ത് കച്ചവടക്കാരായി വന്ന യൂറോപ്യന്‍മാര്‍ ആധിപത്യശക്തികളാകുന്നതിന്റെ നാള്‍വഴികളിലൂടെ പുസ്തകം കടന്നുപോകുന്നു. ആദ്യ അധ്യായത്തില്‍ 16ാം നൂറ്റാണ്ടിലെ ഇന്തോ-പോര്‍ച്ചുഗീസ് വിനിമയമാണ് വിഷയം. വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കിയത് എങ്ങനെയെന്ന് ഇവിടെ വിസ്തരിക്കുന്നു. ഇന്ത്യയെ മനസ്സിലാക്കാനുള്ള പല വിചാരമാതൃകകളും യൂറോപ്യന്‍മാര്‍ കണ്ടെത്തുന്നത് ഇക്കാലത്താണ്. ജാതി ഇത്തരത്തിലുള്ള ഒരടിസ്ഥാന പ്രരൂപമായി യൂറോപ്പിന്റെ ദൃഷ്ടിയില്‍ എത്തുന്നത് 16ാം നൂറ്റാണ്ടിലാണ്.
17-18 നൂറ്റാണ്ടുകളിലെ പാഠങ്ങളില്‍ നിന്ന് ഇന്ത്യയിലെ മതങ്ങളെപ്പറ്റിയുള്ള സൂചനകള്‍ കണ്ടെടുക്കാനുള്ള ശ്രമമാണ് രണ്ടാം അധ്യായം. പില്‍ക്കാലത്ത് ഹിന്ദു എന്നു വിശേഷിപ്പിക്കപ്പെട്ട മതത്തിന്റെ 'ആധികാരിക പാഠങ്ങള്‍' ഉറപ്പിച്ചെടുക്കപ്പെടുന്നത് ഇക്കാലത്തെ ഗവേഷണങ്ങളിലൂടെയാണ്. മൂന്നാം അധ്യായം സ്‌കോട്മാന്‍ ജയിംസ് ഫ്രേസറെക്കുറിച്ചാണ്. ഏറക്കുറേ രണ്ടു പതിറ്റാണ്ട് ഇന്ത്യയിലെ പണ്ഡിതന്‍മാര്‍ക്ക് ശിഷ്യപ്പെട്ട് ഇന്തോ-പേര്‍ഷ്യന്‍ സംസ്‌കാരത്തെക്കുറിച്ച് പഠനം നടത്തിയ വിദേശിയാണ് ഫ്രേസര്‍. ക്രിസ്തുമതത്തിനു പുറത്തുള്ള മതവിശ്വാസത്തെ യൂറോപ്യന്‍മാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ഫ്രേസറുടെ ഉദ്ദേശ്യം. താരതമ്യാത്മക സ്വഭാവമുള്ള പഠനങ്ങളായിരുന്നു ഫ്രേസറുടേത്. നാലാം അധ്യായത്തില്‍ ഫ്രാന്‍സ്, പോര്‍ച്ചുഗീസ്, സ്‌കോട്ട്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 18-19 നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ എത്തിയ ചിലരുടെ നിരീക്ഷണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍പ്പെട്ട ആന്റണി പൊളീര്‍ ആണ് നാലു വേദങ്ങളുടെയും വിപുലമായ പാഠം യൂറോപ്പില്‍ എത്തിച്ചത്.
ചുരുക്കത്തില്‍ 1500നും 1800നും ഇടയില്‍ യൂറോപ്യന്‍മാര്‍ എങ്ങനെയാണ് ഇന്ത്യയെ കണ്ടതെന്ന് ആഴത്തില്‍ പരിശോധിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. സാമാന്യമായി ഇത്തരം പരിശോധനകള്‍ മൂന്നു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് നിര്‍വഹിക്കാറുള്ളത്. അതിലൊന്ന് ഇന്ത്യയെക്കുറിച്ച് യൂറോപ്യന്‍മാര്‍ക്ക് ഉണ്ടായിരുന്ന പരിമിതമായ അറിവ് പതിയെപ്പതിയെ വിപുലമാവുന്നുവെന്നും വന്‍കരകള്‍ക്കിടയിലെ വിനിമയത്തിന്റെ ആവൃത്തിയിലും ആഴത്തിലും വന്ന വര്‍ധനയാണ് ഇതിനു കാരണമെന്നുമുള്ള ലളിതമായ നിരീക്ഷണമാണ്. മറ്റൊന്നാകട്ടെ, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കണ്ണിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെ വിലയിരുത്തുന്ന സമ്പ്രദായമാണ്. യൂറോപ്യന്‍ ജ്ഞാനപദ്ധതികളുമായുള്ള പരിചയം ഇന്ത്യക്കാരെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചുവെന്നു വിലയിരുത്തുന്ന പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇതും ന്യൂനീകരണ യുക്തിയില്‍ നിന്നുണ്ടാകുന്നതാണ്. സാംസ്‌കാരികമായി യൂറോപ്പും ഇന്ത്യയും തമ്മിലുള്ള പൊരുത്തക്കുറവിനെ പുരസ്‌കരിക്കുന്ന പഠനങ്ങളാണ് മൂന്നാമത്തെ വിഭാഗം. ഈ മൂന്നു കാഴ്ചപ്പാടുകളെയും നിരാകരിച്ച് പുതിയ കോണില്‍ നിന്നു കാര്യങ്ങള്‍ കാണാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സുബ്രഹ്മണ്യം പറയുന്നു. വ്യത്യസ്തമായ ജ്ഞാനരൂപങ്ങളും ജ്ഞാനോല്‍പാദന മാര്‍ഗങ്ങളും ഒരേസമയം നിലനിന്നിരുന്നുവെന്നും അവ തമ്മില്‍ നിരന്തരമായ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരുന്നു എന്നുമുള്ള പരികല്‍പനയാണ് ഈ പുസ്തകം സൂക്ഷിക്കുന്നത്.
16ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ എത്തിയ പ്രധാന യൂറോപ്യന്‍ വംശജര്‍ പോര്‍ച്ചുഗീസുകാരായിരുന്നു. അവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ എഴുത്തിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ വളരെയൊന്നും അവശേഷിപ്പിച്ചിട്ടില്ല. മാത്രമല്ല, ഇന്ത്യന്‍ സംസ്‌കാരത്തെ കൗതുകത്തോടെ വീക്ഷിക്കാനോ തങ്ങളുടെ മനോഭാവങ്ങള്‍ രേഖപ്പെടുത്താനോ അവരില്‍ ഏറെ പേരും ശ്രമിച്ചുകാണുന്നില്ല. ഉദാഹരണത്തിന്, ഫെര്‍ഡിനന്റ് ക്രോണ്‍ എന്ന വ്യാപാരി 1580നും 1620നും മധ്യേ നിരവധി തവണ ദക്ഷിണേഷ്യയില്‍ ഉണ്ടായിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ പരാമര്‍ശങ്ങളല്ലാതെ സാംസ്‌കാരികമായ നിരീക്ഷണങ്ങളൊന്നും അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ കാണാനില്ല. അതേസമയം, ജസ്യൂട്ടുകളില്‍ ഒരാളുടെ വിവരണത്തെ മുന്‍നിര്‍ത്തി മുഗള്‍ രാജാക്കന്‍മാര്‍ അപരിഷ്‌കൃതരാണെന്ന് അവര്‍ സ്ഥാപിച്ചത് എങ്ങനെയെന്ന് സുബ്രഹ്മണ്യം വിശദീകരിക്കുന്നുണ്ട്. മുഗള്‍ രാജാക്കന്‍മാരെക്കുറിച്ചുള്ള മുന്‍വിധികള്‍ രൂപപ്പെടുത്തുന്നതില്‍ ഇത്തരം കുറിപ്പുകള്‍ക്കുള്ള പങ്ക് ഏറെ വലുതാണ്.
മധ്യകാലത്ത് യൂറോപ്പില്‍ ജൂതമതവും ഇസ്‌ലാംമതവും ക്രിസ്തുമതവുമായി നിരന്തരം വൈരുദ്ധ്യത്തില്‍ വര്‍ത്തിച്ചു. എന്നാല്‍, ഇന്ത്യയിലെ മതജീവിതം യൂറോപ്യന്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ ഗ്രഹണസീമയ്ക്കു വെളിയിലായിരുന്നു. ഇന്ത്യക്കാര്‍ക്ക് ഒരു മതമോ നിയമങ്ങളോ ഇല്ലെന്നാണ് അവര്‍ക്ക് തോന്നിയത്. മുഗള്‍ രാജാക്കന്‍മാര്‍ പോലും ഇത്തരത്തില്‍ നിയമമില്ലാത്തവരും മതത്തെ പിന്തുടരാത്തവരും ആയിരുന്നുവെന്നാണ് കൊളോണിയല്‍ രേഖകളില്‍ കാണുന്നത്. മുഗളന്‍മാര്‍ ഇസ്‌ലാം മതവിശ്വാസികളായിരുന്നെങ്കിലും അവര്‍ ഇസ്‌ലാംമതം ശരിയായ അര്‍ഥത്തില്‍ പിന്‍പറ്റിയിരുന്നില്ലെന്നാണ് ആദ്യകാല ജെസ്യൂട്ട് പാതിരിമാര്‍ നിരീക്ഷിക്കുന്നത്.
എന്നാല്‍, 17ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമാകുമ്പോഴേക്കും ഇന്ത്യക്കാര്‍ക്ക് മതമുണ്ടെന്നും അത് നിര്‍വചിക്കപ്പെടാത്തതാണെന്നും യൂറോപ്യന്മാര്‍ക്ക് ബോധ്യപ്പെട്ടു. ബൈബിളും ഖുര്‍ആനും ഉള്ളതുപോലെ ഇന്ത്യക്കാരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വേദങ്ങളും പുരാണങ്ങളും മറ്റുമാണെന്ന് യൂറോപ്യന്‍മാര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. മതത്തെക്കുറിച്ചുള്ള തങ്ങളുടെ സങ്കല്‍പത്തിനനുസരിച്ച് ഇന്ത്യയിലെ വിശ്വാസങ്ങളെ നിര്‍വചിക്കാനാണ് യൂറോപ്യന്‍മാര്‍ ശ്രമിച്ചതെങ്കിലും സ്വന്തം കാഴ്ചപ്പാടുകളെ പുനരാലോചനയ്ക്ക് വിധേയമാക്കാന്‍ ഇന്ത്യന്‍ മതജീവിതം അവരെ പ്രേരിപ്പിച്ചു. എന്നാല്‍, എല്ലാ യൂറോപ്യന്‍മാരും ഇന്ത്യയിലെ വിശ്വാസജീവിതത്തെ മതം എന്ന് വിളിക്കുന്നതിനോട് യോജിച്ചില്ല. ഉദാഹരണമായി കാന്റ്‌വെല്‍ സ്മിത്ത് ഇന്ത്യക്കാര്‍ക്ക് മതമില്ലെന്ന വിശ്വാസത്തില്‍ ഉറച്ചുനിന്നയാളാണ്.
അതേസമയം, മതം ഏതെന്നു മനസ്സിലാക്കാനുള്ള ഒരു വഴി മതപരിവര്‍ത്തനത്തിന്റെ വേളയില്‍ ഒരാള്‍ ഉപേക്ഷിക്കുന്നത് എന്താണെന്നു കണ്ടെത്തുകയാണ്. എന്നാല്‍, ഇന്ത്യന്‍ ഗ്രാമീണര്‍ മതം സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും അതിനാല്‍ അവര്‍ക്ക് മതമില്ലെന്നും ശക്തമായി വാദിച്ചവരുണ്ടായിരുന്നു. അതേസമയം, ഇന്ത്യക്കാര്‍ ഏത് ആരാധനാക്രമം പിന്തുടര്‍ന്നാലും ഈശ്വരസാക്ഷാത്കാരം സാധ്യമാണെന്നു കരുതുന്നവരാണെന്ന് രേഖപ്പെടുത്തിയ സൂഫി സന്യാസികളും ഇക്കാലത്ത് ഉണ്ടായിരുന്നു. ചുരുക്കത്തില്‍, ഇന്ത്യക്കാരന്റെ മതത്തെപ്പറ്റി തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളാണ് ഈ ദേശത്തു വന്നവര്‍ നടത്തിക്കാണുന്നത്.
ഇന്നു നാം വ്യവഹരിക്കുന്നതുപോലെ ഹിന്ദു എന്ന സങ്കല്‍പമൊന്നും അന്ന് ഉണ്ടായിരുന്നതേയില്ല. ഹിന്ദ് എന്നത് ദേശപ്പേരാണെന്ന് 17ാം നൂറ്റാണ്ടിലെ മീര്‍സാ സുല്‍ഫിക്കര്‍ എന്ന സൂഫിവര്യന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അതൊരു മതത്തിന്റെ പേരായിരുന്നില്ല. ബെര്‍ണാഡ് പിക്കാര്‍ട്ട് എന്ന പ്രസാധകന്‍ 18ാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് സുബ്രഹ്മണ്യം വിശകലത്തിന് എടുത്തിരിക്കുന്ന കൃതി. 1723നും 1737നും ഇടയിലാണ് ഇതിന്റെ രചനാ കാലം. ഈ പുസ്തകത്തില്‍ ഇന്ത്യന്‍ ഗ്രാമീണജീവിതത്തെ രേഖപ്പെടുത്തിയ നിരവധി രേഖാചിത്രങ്ങള്‍ കാണാം.
അവയില്‍ ചിലത് സുബ്രഹ്മണ്യം എടുത്തുചേര്‍ത്തിരിക്കുന്നത് തീര്‍ച്ചയായും വായനക്കാരില്‍ കൗതുകമുണ്ടാക്കാന്‍ പര്യാപ്തമാണ്: ആദ്യകാല രചനകളില്‍ ഹിന്ദു എന്ന പ്രയോഗം കാണുന്നില്ല. ഇന്ത്യയിലെ മതജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ ബ്രാഹ്മണരുടെ ആചാരവിശ്വാസങ്ങളെ മാത്രമേ വിദേശികള്‍ അവരുടെ കുറിപ്പുകളില്‍ ഉള്‍പ്പെടുത്തുന്നുള്ളൂ. അതായത്, ബ്രാഹ്മണരുടെ ആചാരരീതികളെ തങ്ങളുടേതുമായി താരതമ്യം ചെയ്ത് യൂറോപ്യന്‍മാര്‍ ഉണ്ടാക്കിയ സങ്കല്‍പങ്ങളാണ് പില്‍ക്കാലത്ത് ഹിന്ദു മതം എന്നറിയപ്പെട്ടത്. യൂറോപ്യന്‍മാരുടെ ഒരു കണ്ടുപിടിത്തം മാത്രമായിരുന്നു അത്.
19ാം നൂറ്റാണ്ടില്‍ ബ്രിട്ടിഷുകാര്‍ ഇന്ത്യയുടെ വിധാതാക്കളാകുന്നതോടെ ഇന്ത്യയെക്കുറിച്ച് ആധികാരികമായ നിരവധി പാഠങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. വിദേശികളും സ്വദേശികളും ഈ പാഠനിര്‍മാണത്തില്‍ പങ്കെടുത്തു. യൂറോപ്യന്‍ ആര്‍ക്കൈവില്‍ ഇന്ത്യയെക്കുറിച്ചുള്ള രേഖകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകുന്നത് ഇക്കാലത്താണ്. എന്നാല്‍, അവയെല്ലാം ഏറക്കുറേ ഇന്ത്യയെക്കുറിച്ച് നല്‍കുന്ന ജ്ഞാനം ഒരേ സ്വഭാവത്തിലുള്ളതാണ്. യൂറോപ്യന്‍ അധിനിവേശം ഉറപ്പിച്ചെടുക്കുന്നതിനു മുമ്പ് ഇന്ത്യയെക്കുറിച്ചുള്ള ജ്ഞാനം ചിതറിയും തെറിച്ചും പരസ്പരം കലഹിച്ചുമിരുന്നു. കൊളോണിയലിസം അതിനെ മാനകീകരിക്കുകയും ഏകതാനമാക്കുകയും ചെയ്തു.
അപൂര്‍വ രേഖകള്‍ കണ്ടെത്തി അവയെ കാലാനുക്രമത്തില്‍ അടുക്കി ഉള്ളടക്കത്തിലുള്ള ക്രമികമായ മാറ്റം പരിശോധിച്ചുകൊണ്ടുള്ള സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ വിശകലന രീതി ആരെയും ആകര്‍ഷിക്കുന്നതാണ്.                                     ി

(കടപ്പാട്: പാഠഭേദം മെയ് 2018)
Next Story

RELATED STORIES

Share it