kozhikode local

യൂത്ത് കോണ്‍ഗ്രസ് കിടപ്പുസമരം നടത്തി

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകള്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒളവണ്ണ മണ്ഡലം യൂത്ത് കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളവണ്ണ പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ കിടപ്പു സമരം നടത്തി.
2017 ജൂലായ് 17നാണ് കോഴിക്കോടന്‍ കുന്ന്, മൂര്‍ക്കനാട് ,പാറമ്മല്‍ പ്രദേശങ്ങളിലെ 15 സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ കോഴിക്കോട് അര്‍ബന്‍ ഏരിയാ മാസ്റ്റര്‍ പ്ലാന്‍ 2035 പ്രകാരം ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ സോണ്‍ ആയി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ ഈ ഭാഗങ്ങളില്‍ വീടുകള്‍വയ്ക്കാനുള്ള അനുമതി ഗ്രാമപ്പഞ്ചായത്തും നിഷേധിച്ചിരിക്കുകയാണ്. വ്യവസായങ്ങള്‍ വരുന്നതോടെ രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുമെന്നും നിലവില്‍ ഇവിടെ താമസിക്കുന്ന കുടുംബങ്ങളും കുടിയൊഴിഞ്ഞു പോകേണ്ട അവസ്ഥയുണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കോഴിക്കോട് പാര്‍ലമെന്റ് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജയ്‌സല്‍ അത്തോളി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ സുജിത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ചോലയ്ക്കല്‍ രാജേന്ദ്രന്‍ ,എ ഷിയാലി, എന്‍ മുരളീധരന്‍, സി വി സംജിത്ത്, പി എം നസീം, സി രവീഷ്, രാകേഷ് ഒളവണ്ണ, എം റനില്‍ കുമാര്‍, യു എം പ്രശോഭ്, എ മനീഷ്, സി സജീവന്‍ സംസാരിച്ചു. കിടപ്പുസമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉച്ചയോടെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it