World

യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് സമാനം

ദമസ്‌കസ്: കിഴക്കന്‍ ഗൂത്തയിലെ ആക്രമണങ്ങള്‍ യുദ്ധക്കുറ്റകൃത്യങ്ങളുടെ പരിധിയിലുള്‍പ്പെടാന്‍ സാധ്യതയുള്ളവയെന്ന് യുഎന്‍. സാധാരണക്കാരെ ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ നടത്തുന്നവര്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ അഭിപ്രായപ്പെട്ടു.
കിഴക്കന്‍ ഗൂത്തയിലും സിറിയയിലെ മറ്റിടങ്ങളിലും നടക്കുന്ന സൈനിക നടപടികളും ആക്രമണങ്ങളും യുദ്ധക്കുറ്റകൃത്യങ്ങള്‍ക്കു സമാനമാണ്. മാനവ രാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിലും ഇവ ഉള്‍പ്പെട്ടേക്കാമെന്നും റഅദ് അല്‍ ഹുസയ്ന്‍ വ്യക്തമാക്കി. സിറിയന്‍ വിഷയം ചര്‍ച്ചചെയ്യുന്നതിനായി ചേര്‍ന്ന യുഎന്‍ മനുഷ്യാവകാശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കന്‍ ഗൂത്തയില്‍ രണ്ടാഴ്ചയായി തുടരുന്ന റഷ്യന്‍-സിറിയന്‍ സൈനികാക്രമണങ്ങളില്‍ 674 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനു പേര്‍ക്കു പരിക്കേറ്റു. മേഖലയില്‍ യുഎന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടു. വ്യോമാക്രമണത്തിനു പുറമേ സേന കരയാക്രമണവും നടത്തുന്നുണ്ട്. യുഎന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷം 100ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നാലു ലക്ഷത്തോളം പേരാണ് സംഘര്‍ഷബാധിതമായ ഗൂത്തയില്‍ അകപ്പെട്ടിരിക്കുന്നത്. വിമത നിയന്ത്രണത്തിലായിരുന്ന ഗൂത്തയിലെ കൂടുതല്‍ പ്രദേശങ്ങള്‍ സിറിയന്‍ സേന പിടിച്ചടക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
ഗൂത്തയില്‍ സൈന്യത്തിന്റെ വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന പ്രദേശങ്ങളുടെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞമാസം 18നാണ് സിറിയന്‍-റഷ്യന്‍ സേനകള്‍ ആക്രമണം ശക്തമാക്കിയത്. ഫെബ്രുവരി 23, മാര്‍ച്ച് 2 തിയ്യതികളിലെ ഉപഗ്രഹ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രദേശത്തെ കൃഷിഭൂമിയും കെട്ടിടങ്ങളും വലിയ രീതിയില്‍ നശിച്ചതായി ദൃശ്യങ്ങളില്‍ കാണാം.
Next Story

RELATED STORIES

Share it