യുഡിഎഫ് പ്രകടനപത്രിക; സാമൂഹിക നിര്‍ദേശങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി വിവിധ മേഖലകളിലെ വിദഗ്ധരില്‍ നിന്നു നിര്‍ദേശം തേടും. വിവിധ സംഘടനകളുമായും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തും. ഇന്ദിരാഭവനില്‍ ചേര്‍ന്ന യുഡിഎഫ് ഉപസമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ 14 ജില്ലകളിലും ഇവരെ ക്ഷണിച്ചുവരുത്തിയാവും നിര്‍ദേശങ്ങള്‍ തേടുകയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, ഉപസമിതി കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 28 മുതല്‍ ഫെബ്രുവരി അവസാനവാരം വരെ ഓരോ ജില്ലയിലും ചര്‍ച്ച നടത്തുന്ന തിയ്യതിയും നിശ്ചയിച്ചിട്ടുണ്ട്. ജനുവരി 28ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ മലപ്പുറം, 30ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ പാലക്കാട്, 31ന് ഒന്നുമുതല്‍ മൂന്നുവരെ കോഴിക്കോട്, ഫെബ്രുവരി ഒന്നിന് മൂന്നുമുതല്‍ അഞ്ചുവരെ ആലപ്പുഴ, രണ്ടിന് മൂന്നുമുതല്‍ അഞ്ചുവരെ എറണാകുളം, മൂന്നിന് ഒന്നുമുതല്‍ മൂന്നുവരെ തിരുവനന്തപുരം, നാലിന് ഒന്നുമുതല്‍ മൂന്നുവരെ തൃശൂര്‍, 13ന് രാവിലെ എട്ടുമുതല്‍ പത്തുവരെ വയനാട്, 20ന് രാവിലെ 8 മുതല്‍ പത്തുവരെ കാസര്‍കോട്, അന്ന് വൈകീട്ട് ആറുമുതല്‍ എട്ടുവരെ കണ്ണൂര്‍, 23ന് രാവിലെ എട്ടുമുതല്‍ പത്തുവരെ തൊടുപുഴ എന്നിങ്ങനെയാണ് തിയ്യതികള്‍ നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തിയ്യതികള്‍ പിന്നീട് തീരുമാനിക്കും.
പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളുടെ നിര്‍ദേശം തേടാനും തീരുമാനിച്ചു. എല്ലാ പഞ്ചായത്തിലും ഫെബ്രുവരി പത്തിനും 15നും ഇടയ്ക്കുള്ള ഒരുദിവസം പ്രധാന കേന്ദ്രത്തില്‍ അഭിപ്രായങ്ങള്‍ ഒരു ബോക്‌സില്‍ നിക്ഷേപിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും. ഇതിന് പുറമേ ഫെബ്രുവരി 20, 21 തിയ്യതികളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും വികസന സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. യുഡിഎഫ് എംഎല്‍എമാരും എംപിമാരുമാണ് സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുഡിഎഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ 20ന് മുമ്പായി ഉപസമിതിക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും
ഉപസമിതിക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാം. 20ന് മുമ്പ് കണ്‍വീനര്‍, യുഡിഎഫ് പ്രകടനപത്രിക കമ്മിറ്റി, ഇന്ദിരാഭവന്‍, ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലാണ് നിര്‍ദേശങ്ങള്‍ അയക്കേണ്ടത്. സുരര.ീൃഴ.ശി എന്ന കെപിസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സുരരാമിശളലേെീ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലും നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തയ്യാറാക്കിയ പ്രകടനപത്രികയുടെ അന്തസത്തയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെങ്കിലും പുതിയ നിര്‍ദേശങ്ങള്‍ പരമാവധി ഉള്‍ക്കൊള്ളിക്കുമെന്ന് പി പി തങ്കച്ചന്‍ പറഞ്ഞു.
നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതല്ല വികസനം. പഠനകോണ്‍ഗ്രസ്സിലെ വികസന പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതാണെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it