Flash News

യുഡിഎഫ് ജനകീയ മെട്രോ യാത്ര : മെട്രോയില്‍ കയറാനാവാതെ നട്ടംതിരിഞ്ഞ് ഉമ്മന്‍ചാണ്ടി



കൊച്ചി: യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ മെട്രോ യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രവര്‍ത്തകര്‍ തമ്മില്‍ ട്രെയിനില്‍ കയറാന്‍ ഉന്തും തള്ളും. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം നിശ്ചയിച്ച ട്രെയിനില്‍ കയറാനാവാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നട്ടം തിരിഞ്ഞു. ആലുവ മെട്രോ സ്റ്റേഷനില്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ജനകീയ യാത്രയ്ക്ക് യുഡിഎഫ് നേതൃത്വം നല്‍കിയത്. പ്രതിപക്ഷ നേതാവിനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് ഉമ്മന്‍ചാണ്ടിയുടെ യാത്ര പ്ലാന്‍ ചെയ്തത്. ടിക്കറ്റെടുത്ത് കാത്ത് നില്‍ക്കുന്നതിനിടയില്‍ ആദ്യമെത്തിയ ട്രെയിനില്‍ പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ഇതിനിടയില്‍ പ്രതിപക്ഷനേതാവും മറ്റ് ചില നേതാക്കളും ട്രെയിനില്‍ കയറി. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് കയറാന്‍ കഴിഞ്ഞില്ല.യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഉമ്മന്‍ചാണ്ടിക്ക് കയറാന്‍ സാധിച്ചില്ലെന്ന് മറ്റ് നേതാക്കള്‍ അറിഞ്ഞത്. ഇതോടെ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം ചിലര്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ഉമ്മന്‍ചാണ്ടിക്കായി കാത്തുനിന്നു. തൊട്ടടുത്ത ട്രെയിനിലും പ്രവര്‍ത്തകര്‍ തള്ളിക്കയറിയെങ്കിലും  തിരക്കുകള്‍ക്കിടയിലൂടെ എംഎല്‍എമാരായ ഹൈബി ഈഡനും അന്‍വര്‍ സാദത്തും ഉമ്മന്‍ ചാണ്ടിയെ ഒരു വിധത്തില്‍ ട്രെയിനിനുള്ളില്‍ എത്തിച്ചു. കെപിസിസി പ്രസിഡന്റ്  എം എം ഹസനും തിക്കി തിരക്കി ഒരു വിധത്തിലാണ് മെട്രോയില്‍ കയറിപ്പറ്റിയത്.  പാലാരിവട്ടം സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. സുരക്ഷാ ഉദ്യോഗസ്ഥരും പോലിസും തീര്‍ത്ത ക്രമീകരണങ്ങളൊക്കെ പാളിയതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം കുറച്ചുനേരം നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയെ സ്റ്റേഷന് പുറത്തെത്തിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു മുന്നില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ സ്വീകരിച്ചു. പ്രഫ. കെ വി തോമസ് എംപി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തുറന്ന ജീപ്പില്‍ നേതാക്കളെ പാലാരിവട്ടം ജങ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it