Flash News

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് മുസ്്‌ലിം സ്ഥാനാര്‍ഥിക്കായി സമസ്ത

കെ പി ഒ  റഹ്മത്തുല്ല

മലപ്പുറം: ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ കോ ണ്‍ഗ്രസ്സിനു വിജയിക്കാന്‍ കഴിയുന്ന ഒരു സീറ്റിന് അവകാശവാദമുന്നയിച്ച് സമസ്ത രംഗത്ത്. മുസ്‌ലിം സമുദായവുമായി ബന്ധമുള്ള മലബാറിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന് സീറ്റ് നല്‍കണമെന്നാണ് സമസ്തയുടെ ആവശ്യം. ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ പേര് സമസ്ത മുന്നോട്ടുവയ്ക്കുന്നില്ല.
സമുദായത്തില്‍ ഭൂരിഭാഗവും യുഡിഎഫിനെ പിന്തുണക്കുന്നവരായിട്ടും പാര്‍ലമെന്ററി പദവികള്‍ പങ്കിടുമ്പോള്‍ ആ പരിഗണന കോണ്‍ഗ്രസ് നല്‍കുന്നില്ലെന്ന പരാതി സമസ്തയി ല്‍ ശക്തമാണ്. കോണ്‍ഗ്രസ് അവഗണിക്കുന്നതിലുള്ള പ്രതിഷേധം അറിയിക്കാനുള്ള അവസരമായി കൂടി രാജ്യസഭാ സീറ്റ് ചര്‍ച്ച സമസ്ത കാണുകയാണ്. ഇക്കാര്യത്തില്‍ സംഘടനയുടെ വികാരം പ്രമുഖ കെപിസിസി ഭാരവാഹിയെ സമസ്ത നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്. എന്‍എസ്എസിനും കത്തോലിക്കാ സഭയ്ക്കും കോണ്‍ഗ്രസ്സില്‍ നിന്ന് ലഭിക്കുന്ന പരിഗണന സംഘടനയ്ക്കു ലഭിക്കുന്നില്ലെന്ന പരിഭവം സമസ്തയില്‍ ശക്തമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം കൊണ്ടു കൂടിയാണ് സംഘടനയുടെ യുവനേതൃത്വം ഇടതുപക്ഷവുമായി ബന്ധം സ്ഥാപിച്ചത്. ഈ ബന്ധമാണ് നിലമ്പൂര്‍, പട്ടാമ്പി ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ ഇടയാക്കിയത്.
എ എ റഹീം, തലേക്കുന്നി ല്‍ ബഷീര്‍ എന്നിവര്‍ക്കു ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എം ഐ ഷാനവാസിലൂടെ ഒരു സമുദായ അംഗം കോണ്‍ഗ്രസ് ചിഹ്നത്തില്‍ എംപിയാകുന്നത്. രാജ്യസഭയിലേക്ക് ഇതുവരെ ഒരാളെ പോലും കോണ്‍ഗ്രസ് പരിഗണിച്ചിട്ടില്ല. മലബാറില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന എല്ലാ സീറ്റുകളിലും നിര്‍ണായക വോട്ടുബാങ്കുള്ള പ്രസ്ഥാനമാണ് സമസ്ത. മുസ്‌ലിം ലീഗുകാരായി തങ്ങളെ കോണ്‍ഗ്രസ് കാണേണ്ടതില്ലെന്ന സന്ദേശവും പുതിയ നീക്കത്തിനു പിന്നിലുണ്ട്. കോണ്‍ഗ്രസ്സിന് ആവശ്യമെങ്കില്‍ സംഘടനയുമായി നേരിട്ട് ആശയവിനിമയത്തിനു തയ്യാറാവണമെന്ന കൃത്യമായ മുന്നറിയിപ്പ് കൂടിയാണ് പുതിയ നീക്കം.
Next Story

RELATED STORIES

Share it