World

യുഎസ് പ്രഖ്യാപനത്തിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം

യുനൈറ്റഡ് നാഷന്‍സ്: ജറുസലേമിന്റെ പദവി സംബന്ധിച്ച ഏതൊരു തീരുമാനത്തിനും നിയമസാധുത ഉണ്ടാവില്ലെന്നും അത്തരം തീരുമാനങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. ഈജിപ്താണ് സമിതിയിലെ 15 അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഒരു പേജ് വരുന്ന പ്രമേയം വിതരണം ചെയ്തത്. എന്നാല്‍, പ്രമേയത്തില്‍ യുഎസിനെയോ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരോ പരാമര്‍ശിക്കുന്നില്ലെന്നു റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പ്രമേയത്തിന് ഭൂരിപക്ഷ പിന്തുണ കിട്ടുമെന്നും എന്നാല്‍, യുഎസ് വീറ്റോ ചെയ്യുമെന്നും നയതന്ത്ര പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഈയാഴ്ച ആദ്യം പ്രമേയം വോട്ടിനിടും. പ്രമേയം പാസാവണമെങ്കില്‍ യുഎന്‍ രക്ഷാസമിതിയില്‍ ഒമ്പത് വോട്ട് നേടണം. സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളായ യുഎസ്, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, ചൈന എന്നിവയില്‍ ഏതെങ്കിലും ഒരംഗം വീറ്റോ ചെയ്താലും പ്രമേയം പാസാവില്ല. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസിന്റെ നടപടിക്കെതിരേ യുഎസ് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ഇസ്താംബൂളില്‍ ചേര്‍ന്ന അറബ് ഉച്ചകോടി തീരുമാനിച്ചിരുന്നു. ഡിസംബര്‍ 6നാണ് പ്രസിഡന്റ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത്.
Next Story

RELATED STORIES

Share it