World

യുഎസ് ഉപരോധം മറികടക്കാന്‍ പുതിയ വിനിമയ നയം: ഇയു

ന്യൂയോര്‍ക്ക്: യുഎസിന്റെ ഉപരോധം മറികടന്ന് ഇറാനുമായി വ്യാപാരബന്ധം തുട—രുന്നതിനുള്ള പുതിയ വിനിമയനയം രൂപീകരിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ (ഇയു).
യുഎസ് നയിക്കുന്ന ആഗോള വിപണിയെയും ഡോളറിനെയും ആശ്രയിക്കാതെ, ഇറാനില്‍ നിന്ന് എണ്ണ അടക്കമുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി തുടരാന്‍ സഹായിക്കുന്നതായിരിക്കും പുതിയ വിപണന നയമെന്ന് ഇയു വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗിറിനി അറിയിച്ചു.
യുഎന്‍ പൊതു സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെത്തിയ മൊഗിറിനി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ഇയു രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഇറാനില്‍ നിന്നുള്ള നിയമപരമായ വ്യാപാരത്തെ പ്രോല്‍സാഹിപ്പിക്കാനാണ് നയരൂപീകരണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പുതിയ നയം എങ്ങനെ പ്രാബല്യത്തില്‍ വരുത്തുമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്നും മൊഗിറിനി അറിയിച്ചു.
വിനിമയ നയം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ യൂറോപ്യന്‍ കമ്പനികള്‍ക്കും ഇറാനുമായി വ്യാപാരബന്ധം തുടരാന്‍ കഴിയും. പുതിയ നയം ഇറാനുമായി നിയമപരമായി വ്യാപാരം ഉറപ്പുവരുത്തുമെന്ന് ഇയു, ചൈന, റഷ്യ എന്നിവയുടെ സംയുക്ത പ്രസ്താവനയിലും അറിയിച്ചു. ഇറാനുമായുള്ള ആണവ കരാര്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു തങ്ങള്‍ സന്നദ്ധ—രാണെന്നും സംഘം അറിയിച്ചു.
2015ല്‍ ഇറാനുമായി ഒപ്പിട്ട ആണവ കരാറില്‍ നിന്ന് കഴിഞ്ഞ മെയിലാണ് യുഎസ് ഏകപക്ഷീയമായി പിന്‍മാറിയത്്. ഇറാനു മേല്‍ ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ നാലു മുതലാണു യുഎസ് ഉപരോധം പൂര്‍ണമായി നടപ്പാക്കുക. ഇറാനില്‍ നിന്നു സഖ്യരാജ്യങ്ങള്‍ എണ്ണ അടക്കമുള്ള ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്നും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it