World

യുഎസില്‍ സിഖുകാരന് നേരെ വംശീയ അധിക്ഷേപം

ന്യൂയോര്‍ക്ക്: യുഎസില്‍ സിഖുകാരനായ ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ അധിക്ഷേപം. തലപ്പാവ് ധാരികളെയും താടിക്കാരെയും ഞാന്‍ വെറുക്കുന്നു എന്നാക്രോശിച്ച് ഡ്രൈവര്‍ക്ക് നേരെ പാഞ്ഞടുത്ത യാത്രക്കാരന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഗുര്‍ജീത് സിങ് എന്ന ഇന്ത്യക്കാരനാണ് വംശീയ അധിക്ഷേപത്തിനിരയായത്.
രണ്ട് യാത്രക്കാരുമായി പോവുകയായിരുന്ന ഗുര്‍ജീതിനോട്, യുഎസിനോട് തനിക്കു കൂറുണ്ടോ എന്നായിരുന്നു യാത്രക്കാരിലൊരാളുടെ ചോദ്യം. നീ ഏതു നാട്ടുകാരനാണ്. തനിക്ക് ഈ രാജ്യത്തോട് കൂറുണ്ടോ. അതോ നീ നിന്റെ രാജ്യത്തേട് മാത്രമേ കൂറ് കാണിക്കുകയുള്ളോ തുടങ്ങിയ ചോദ്യങ്ങളാണ് അക്രമി ആദ്യം ചോദിച്ചത്. ഞാന്‍ ഈ രാജ്യത്തോടും തന്റെ മാതൃരാജ്യത്തോടും കടപ്പാടുള്ളവനായിരിക്കുമെന്നായിരുന്നു ഇതിനു ഗുര്‍ജീതിന്റെ മറുപടി. ഇതില്‍ പ്രകോപിതനായ അക്രമി ഗുര്‍ജീതിനെ ആക്രമിക്കുകയും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തിനിടയ്ക്ക് തലപ്പാവിനെയും താടിയെയും പരിഹസിച്ചു നിരവധി തവണ അസഭ്യം  പറയുകയും ചെയ്തുവെന്ന് റിപോര്‍ട്ട് പറയുന്നു. അതേസമയം, അക്രമിക്കെതിരേ നടപടി എടുത്തില്ലെന്നാരോപിച്ച് സിഖ് സംഘടനകള്‍ പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്.
എന്നാല്‍, ഡ്രൈവറോട് വിവരങ്ങള്‍ ആരായുകയാണെന്നും ഉടന്‍ അക്രമിയെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു. യുഎസില്‍  മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് സിഖുകാര്‍ക്ക് നേരെ നിരവധി അക്രമങ്ങളാണ് അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it