Editorial

യുഎപിഎ: കേരള സര്‍ക്കാര്‍ തെറ്റുതിരുത്തണം

മുന്‍ സര്‍ക്കാരിന്റെ വിവിധ തീരുമാനങ്ങളും നടപടികളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പുതുതായി അധികാരമേറ്റ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിനായി പ്രത്യേക മന്ത്രിസഭാ ഉപസമിതിയെയും പ്രഖ്യാപിച്ചു. സമിതി ഇന്ന് ആദ്യയോഗം ചേരുകയാണ്. സംസ്ഥാനത്ത് നിരവധി യുവാക്കള്‍ അന്യായമായി തടവില്‍ കഴിയാന്‍ കാരണമായ യുഎപിഎ എന്ന കരിനിയമത്തെക്കുറിച്ചുകൂടി പുതിയ സര്‍ക്കാര്‍ പുനര്‍ചിന്തനത്തിന് അടിയന്തരമായി തയ്യാറാവണം. ജനാധിപത്യസംവിധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്ന കാരണത്താലാണ് മുമ്പ് ടാഡയും പോട്ടയും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പിന്നീട് 2008ല്‍ നടന്ന മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമത്തില്‍ (യുഎപിഎ) നീതിരഹിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ചര്‍ച്ച പോലും കൂടാതെ പാര്‍ലമെന്റ് പാസാക്കിയത്. യുഎപിഎക്കെതിരേ സിപിഎമ്മിന്റെയും സിപിഐയുടെയും കേന്ദ്രനേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന യുഎപിഎ വിരുദ്ധ സംഗമങ്ങളില്‍ അവര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.  എട്ടുവര്‍ഷം മുമ്പ് ഇടതുപക്ഷ മന്ത്രിസഭയാണ് കേരളത്തില്‍ യുഎപിഎ നടപ്പാക്കിത്തുടങ്ങിയത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഈ ദുഷ്‌കീര്‍ത്തിക്ക് അര്‍ഹനായത്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഒതുക്കുക എന്ന ദുരുദ്ദേശ്യമായിരുന്നു അതിനു പിന്നില്‍. ടാഡ കേരളത്തില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി തയ്യാറായിരുന്നില്ല. അത്തരമൊരു കീഴ്‌വഴക്കം നിലവിലിരിക്കെയായിരുന്നു ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി. എട്ടുവര്‍ഷത്തിനുശേഷം ഇന്നു കണക്കെടുക്കുമ്പോള്‍ യുഎപിഎക്ക് ഇരകളായ നിരവധിപേര്‍ കേരളത്തിലെ തടവറകളിലുണ്ട്. ഇവരില്‍ സിപിഎമ്മുകാരും ഉള്‍പ്പെടുന്നുവെന്നത് കാവ്യനീതി. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ പ്രയോഗിച്ചപ്പോള്‍ അതിനെതിരേ ശക്തമായ വാക്കുകളിലാണ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നത്.രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമവ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി നടപടി സ്വീകരിക്കാവുന്ന കേസുകളില്‍ മറ്റ് താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പാനായിക്കുളത്തും നാറാത്തും യുഎപിഎ ചുമത്തിയ സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പോസ്റ്റര്‍ പതിച്ചവരെയും നോട്ടീസ് കൈയില്‍ വച്ചവരെയും മുദ്രാവാക്യം വിളിച്ചവരെയുമെല്ലാം യുഎപിഎ ചുമത്തി തുറുങ്കിലടച്ചത് നാം കണ്ടു.ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തെറ്റുകള്‍ തിരുത്തുന്നതിന് മുന്‍കൈയെടുക്കുന്ന പുതിയ മന്ത്രിസഭയുടെ നീക്കം ശ്ലാഘനീയം തന്നെ. പക്ഷേ, അതിനുമുമ്പേ പറ്റിപ്പോയ തെറ്റ് തിരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി യുഎപിഎ പ്രയോഗിക്കില്ലെന്ന നയപരമായ തീരുമാനമെടുക്കണം. ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനു മുന്‍കൈയെടുത്താല്‍ ചരിത്രം രേഖപ്പെടുത്തുന്ന നടപടിയാവുമത്.
Next Story

RELATED STORIES

Share it