Flash News

യുഎഇയില്‍ ചൂട് രൂക്ഷം ; താപനില 51 ഡിഗ്രിയായി ഉയര്‍ന്നു



കബീര്‍ എടവണ്ണ

അബൂദബി:  യുഎഇയില്‍ ചൂട് രൂക്ഷമാവുന്നു. അബൂദബിയിലെ ലിവക്ക് സമീപമുള്ള മസീറ പ്രദേശത്ത് താപനില 51 ഡിഗ്രി വരെ ഉയര്‍ന്നതായി യുഎഇ നാഷനല്‍ സെന്റര്‍ മീറ്ററോളജി ആന്റ് സിസ്‌മോളജി വിഭാഗം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ളത്. ഇപ്പോള്‍ തന്നെ രൂക്ഷമായ ചൂട് അനുഭവപ്പെടുമ്പോള്‍ വരും മാസങ്ങളില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ ചൂട് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 3 വരെ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഉച്ച വിശ്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം നിയമം നിലവിലുള്ളത്. സൂര്യാഘാതം പോലെയുള്ള ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നു തൊഴിലാളികളെ സംരക്ഷിക്കാനാണ് യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങള്‍ ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. പ്രധാന നഗരങ്ങളായ ഷാര്‍ജ, റാസല്‍ഖൈമ എന്നീ പ്രദേശങ്ങളിലായിരിക്കും കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഏറ്റവും കുറവ് ഫുജൈറയിലായിരിക്കും. ഫുജൈറയില്‍ 39 ഡിഗ്രിയായിരിക്കും ചൂട് അനുഭവപ്പെടുക. കടുത്ത ചൂടിനെ തുടര്‍ന്ന് റമദാന്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ പാനീയം അടക്കമുള്ള ഭക്ഷ്യ വിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it