മൗസിലില്‍നിന്ന് തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാഖ്

ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ വിന്യസിച്ച തുര്‍ക്കി സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് ഇറാഖി ഭരണകൂടം. സേനാ വിന്യാസം ഇറാഖിന്റെ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ആരോപിച്ചു.
അനുവാദമില്ലാതെയാണ് മൗസിലിനു സമീപത്തെ നിനിവേയില്‍ സായുധ ബറ്റാലിയന്‍ പ്രവേശിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, മൗസില്‍ ഗവര്‍ണര്‍ അതീല്‍ നുജൈഫിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഐഎസ് നിയന്ത്രണത്തിലുള്ള മൗസിലിലേക്ക് തുര്‍ക്കി സൈന്യം പ്രവേശിച്ചതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. അതീല്‍ നുജൈഫ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാഖി നടപടി ബഗ്ദാദിനും അങ്കാറയ്ക്കും ഇടയില്‍ പുതിയ തര്‍ക്കത്തിനു തിരികൊളുത്തിയിട്ടുണ്ട്. നേരത്തേ കുര്‍ദ് മേഖലയില്‍നിന്നുള്ള എണ്ണ വാങ്ങുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തര്‍ക്കമുണ്ടായിരുന്നു. തുര്‍ക്കി സൈനിക വിന്യാസത്തെ കൈയേറ്റമെന്ന് വിശേഷിപ്പിച്ച ഇറാഖി വിദേശകാര്യ മന്ത്രാലയം തുര്‍ക്കി നടപടി നീതീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നതായി തുര്‍ക്കി വ്യക്തമാക്കി.
Next Story

RELATED STORIES

Share it