Flash News

മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാന്‍ നിര്‍ദേശമില്ലെന്ന് ജില്ലാ പൊലീസ് മേധാവി

മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാന്‍ നിര്‍ദേശമില്ലെന്ന് ജില്ലാ പൊലീസ് മേധാവി
X
പാലക്കാട്:പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ജില്ലാപോലീസ് മേധാവി പ്രതീഷ് കുമാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സംഭവത്തില്‍ കര്‍ണകിയമ്മന്‍ സ്‌കൂളിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും വ്യക്തമാക്കി.



മോഹന്‍ ഭാഗത് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ പാലക്കാട് എസ്പിയോടും മുഖ്യമന്ത്രി നിര്‍ദേശിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
കഴിഞ്ഞ ആഗസ്ത് 15നാണ് പാലക്കാട് കര്‍ണകിയമ്മന്‍ എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ ചട്ടം അനുസരിച്ച് എയ്ഡഡ് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ രാഷ്ട്രീയനേതാക്കള്‍ക്ക് അനുവാദമില്ല. സ്‌കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അധ്യക്ഷന്മാര്‍ക്കോ പതാക ഉയര്‍ത്താം. പതാക ഉയര്‍ത്തിയശേഷം ദേശീയഗാനം ആലപിക്കണമെന്ന ചട്ടവും സ്‌കൂള്‍ അധികൃതര്‍ ലംഘിച്ചു. ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് ആലപിച്ചത്. ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തുന്നത് നിയമലംഘനമാണെന്നു കാണിച്ച് ആഗസ്ത് 14നു തന്നെ പാലക്കാട് കലക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ കലക്ടറുടെ മുന്നറിയിപ്പ് തള്ളിയാണ് പതാക ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ പാലക്കാട് കലക്ടറോട് വിശദമായ റിപോര്‍ട്ട് സര്‍ക്കാര്‍ വാങ്ങിയിരുന്നു.
Next Story

RELATED STORIES

Share it