kozhikode local

മോളിക്യുലാര്‍ ലാബ്: കോഴിക്കോട് മെഡി. കോളജിന് 1.20 കോടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നൂതന മോളിക്യൂലാര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനം ഒരുക്കുന്നതിനായി 1.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹികനീതി മന്ത്രി കെ കെ ശൈലജ. മറ്റു തരത്തിലുള്ള ലാബ് പരിശോധനകളിലൊന്നും വ്യക്തമാകാത്ത സങ്കീണങ്ങളായ രോഗങ്ങള്‍ സൂക്ഷ്മതയോടെ കണ്ടുപിടിക്കാ ന്‍ ഈ മോളിക്യുലാര്‍ ലാബിലൂടെ സാധിക്കും.
ഈ ലാബ് പ്രവര്‍ത്തനസജ്ജമാവുമ്പോള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ കോളജിനുള്ളല്‍ തന്നെ രോഗനിര്‍ണയവും ചികില്‍സയും നടത്താനാവുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിലെ മാതൃശിശു മന്ദിരത്തിലാണ് ഈ മോളിക്യുലാര്‍ ലാബ് സ്ഥാപിക്കുന്നത്. മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനത്തിനായി അഡ്ജസ്റ്റബിള്‍ സിങ്കിള്‍ ചാനല്‍ പിപ്പിറ്റേഴ്‌സ്, ക്ലാസ് 2 ബയോസേഫ്റ്റി ക്യാബിനറ്റ്, തെര്‍മല്‍ സൈക്ലര്‍, റിയല്‍ ടൈം പിസിആര്‍, എലിസ റീഡര്‍, ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ഡേറ്റ അനലൈസിസ് സിസ്റ്റം, എച്ച്എല്‍എ അനലൈസിംഗ് സിസ്റ്റം, സിവില്‍ ജോലികള്‍ തുടങ്ങിവയ്ക്കാണ് തുക അനുവദിച്ചത്.
ജെനിറ്റിക് രോഗങ്ങളും ക്യാന്‍സര്‍ രോഗങ്ങളും പല രൂപത്തിലാണ് കാണുക. അതിനനുസരിച്ച് കൃത്യമായ ഇടവേളകളില്‍ രോഗനിര്‍ണയം നടത്തി അതനുസരിച്ച് ചികില്‍സിച്ചാല്‍ മാത്രമേ ഫലം ലഭ്യമാവുകയുള്ളൂ. ഇതിനായി നിരവധി പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
ശ്വാസകോശാര്‍ബുദം, ബ്ലഡ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ ഫലപ്രദമായി നിര്‍ണയിക്കുന്നതിന് മോളിക്യുലാര്‍ ലാബിലൂടെ കഴിയും. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ അവയവങ്ങളുടെ ചേര്‍ച്ച നോക്കുന്ന എച്ച്എല്‍എ സംവിധാനവും ഇവിടെ ഒരുക്കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചു വരുന്ന മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂനിറ്റില്‍ നടത്തുന്ന ഗവേഷണങ്ങള്‍ രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇത് സാക്ഷാല്‍ക്കരിക്കുന്നത്.
Next Story

RELATED STORIES

Share it