kannur local

മോര്‍ച്ചറിയില്‍ വെള്ളമില്ല; പോസ്റ്റ്‌മോര്‍ട്ടം മണിക്കൂറുകളോളം വൈകി

തലശ്ശേരി: ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ വെള്ളമില്ലെന്ന കാരണത്താല്‍ പോസ്റ്റ്‌മോര്‍ട്ടം മണിക്കൂറുകളോളം വൈകി. ശനിയാഴ്ച വൈകീട്ട് മരം ദേഹത്തുവീണ് മരിച്ച കുയ്യാലി സ്വദേശി കാളിയത്താന്‍ മനോഹരന്റെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതര്‍ അനാദരവ് കാട്ടിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോ. കെ പി ഷീല ഇന്നലെ രാവിലെ 11ഓടെ എത്തിയെങ്കിലും മോര്‍ച്ചറിയില്‍ വെള്ളമുണ്ടായിരുന്നില്ല.
ഇതോടെ ഡോക്ടര്‍ മടങ്ങി. വെള്ളമില്ലെന്ന വിവരം ഡോ. ഷീല തന്നെയാണ് പരേതന്റെ ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ എം പി അരവിന്ദാക്ഷന്‍, സുശീല്‍ ചന്ദ്രോത്ത്, എം പി സുധീര്‍കുമാര്‍, പവിത്രരാജ് എന്നിവര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്ലംബര്‍ അവധിയാണെന്നും ബദല്‍ സംവിധാനം ഒരുക്കാന്‍ നിര്‍വാഹമില്ലെന്നുമായിരുന്നു മറുപടി.
ഒടുവില്‍ പരേതന്റെ ബന്ധുക്കള്‍ നാട്ടില്‍നിന്ന് ടാങ്കര്‍ലോറിയില്‍ വെള്ളം കൊണ്ടുവന്നതിനു ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം വിട്ടുനല്‍കി. ആശുപത്രി അധികൃതരുടെ വീഴ്ചയ്‌ക്കെതിരേ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it