kasaragod local

മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ഉപകേന്ദ്രം നാദാപുരത്തേക്ക് മാറ്റി

കുമ്പള: കുണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ ഉപകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മൊഗ്രാലിലെ കേന്ദ്രം നാദാപുരത്തേക്ക് മാറ്റുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കേന്ദ്രം അക്കാദമിയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഉപകേന്ദ്രമില്ലെന്ന കാരണത്താലാണ് മാപ്പിളപ്പാട്ടിന്റെ ആസ്ഥാനമായ മൊഗ്രാലില്‍ നിന്നും പറിച്ചുനടാന്‍ നീക്കം നടക്കുന്നത്. മാപ്പിള കലാ പഠനഗവേഷണ കേന്ദ്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. മൊഗ്രാല്‍ ഗ്രാമത്തിന്റെ ഇശല്‍ പൈതൃകം സംരക്ഷിക്കാന്‍ 2009ല്‍ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ച മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രമാണ് 2014ല്‍ അക്കാദമിക്ക് ഉപകേന്ദ്രങ്ങളില്ലെന്ന കാരണത്താല്‍ അടച്ചു പൂട്ടിയത്. ഇപ്പോള്‍ ഉപകേന്ദ്രം നാദാപുരത്ത് അനുവദിച്ച നടപടിയാണ് നാട്ടുകാരെ പ്രതിഷേധത്തിലാക്കിയത്. ജില്ലയോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. മൊഗ്രാല്‍ ഇശല്‍ഗ്രാമത്തെയും നൂറുകണക്കിന് കലാകാരന്മാരെയും മണ്‍മറഞ്ഞുപോയ മാപ്പിള കവികളെയും ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണെന്നു കലാകാരന്മാര്‍ കുറ്റപ്പെടുത്തുന്നു.ഇതിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കലാകാരന്മാരും സന്നദ്ധസംഘടനകളും.
Next Story

RELATED STORIES

Share it