Flash News

മോദി പ്രഭാവത്തിന് മങ്ങലേറ്റതായി ദി ഇക്കണോമിസ്റ്റ്‌



ലണ്ടന്‍: യുപി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഗംഭീര വിജയത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിക്കുണ്ടായിരുന്ന പ്രഭാവം മങ്ങുന്നു. നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതിയുമാണ് മോദിയുടെ പ്രഭയ്ക്കു മങ്ങലേല്‍പിച്ചത്. ഭരണത്തിലെത്തുന്നതിനു മുമ്പു തന്നെ ഗുജറാത്ത് വികസനത്തിന്റെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പലതും മോദിയെ പ്രശംസിച്ചിരുന്നു. എന്നാല്‍, ഭരണത്തിലേറി നാലാം വര്‍ഷത്തിലേക്കു പ്രവേശിക്കാനിരിക്കെ രാജ്യത്തെ തൊഴിലില്ലായ്മ, സാമ്പത്തിക രംഗത്തെ മുരടിപ്പ് എന്നിവയാണ് മോദിയുടെ പ്രതിഛായക്കു മങ്ങലേല്‍പിച്ചത്. നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തതായി ലണ്ടനിലെ ദി ഇക്കണോമിസ്റ്റ് വാരിക എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തി. അവകാശവാദം നിര്‍ത്തി രാജ്യത്തിനായി പ്രവര്‍ത്തിച്ചു കാണിക്കൂവെന്നാണ് വാരികയുടെ വിമര്‍ശനം. നേരത്തേ മോദിയെ പ്രശംസകൊണ്ടു മൂടിയ മാധ്യമങ്ങളിലൊന്നാണ് ദി ഇക്കണോമിസ്റ്റ് വാരിക. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രമാദിത്വം അവസാനിച്ചിരിക്കുകയാണെന്നും വാരിക ചൂണ്ടിക്കാട്ടുന്നു. അടുത്ത തിരഞ്ഞെടുപ്പിലും രാജ്യത്തെ നയിക്കാന്‍ തക്ക ശക്തിയുണ്ടായിരുന്ന മോദിക്ക് അടുത്തിടെയായി പ്രഭാവത്തില്‍ മങ്ങലേറ്റു. സ്വന്തം പ്രതിച്ഛായ നന്നാക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന മോദി രാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ ഏറെ പിന്നിലാണ്. ലോകം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിട്ടും ഏറക്കുറേ ഭദ്രമായിരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ചരക്കുസേവന നികുതി, നോട്ടു നിരോധനം എന്നിവ പിന്നോട്ടടിപ്പിച്ചു.രാജ്യത്ത് മാധ്യമപ്രവര്‍ത്തനം ഭീതിയിലാണെന്നും വാരിക ചൂണ്ടിക്കാട്ടുന്നു. വിജയം തുടരണമെങ്കില്‍ പ്രകടനം മാത്രം പോര രാജ്യത്തിന്റെ ഭരണത്തിലും ശ്രദ്ധിക്കണമെന്ന ഉപദേശമാണ് മോദിക്ക് ഇക്കണോമിസ്റ്റ് വാരിക നല്‍കിയത്.ജിഎസ്ടി നടപ്പാക്കിയതിലൂടെ ജിഡിപിയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ചരക്കുസേവന നികുതിയെ നല്ലതും ലളിതവുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് എങ്ങനെ യാഥാര്‍ഥ്യമാക്കാമെന്നതില്‍ അദ്ദേഹത്തിന്റെ ഉപദേശകര്‍ നല്‍കിയ ഉപദേശങ്ങള്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഇക്കണോമിസ്റ്റ് കുറ്റപ്പെടുത്തി.അതേസമയം, മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കെതിരേ യുഎന്‍ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലറും വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. മനുഷ്യാവകാശപരമായ സമീപനങ്ങള്‍ ഇല്ലാതെയാണ് പദ്ധതിയുടെ നടത്തിപ്പെന്നാണ് ഹെല്ലറിന്റെ വിമര്‍ശനം.
Next Story

RELATED STORIES

Share it