മോദി കേരളത്തിലെത്തിയത് ആര്‍എസ്എസ് പ്രചാരകനായി: ഡി രാജ

മോദി കേരളത്തിലെത്തിയത് ആര്‍എസ്എസ് പ്രചാരകനായി: ഡി രാജ
X
d-rajaപാലക്കാട്: പ്രധാനമന്ത്രിയായി കേരളത്തിലെത്തി ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കേണ്ട മോദി ഇവിടെ പ്രചാരണം നടത്തിയത് ആര്‍എസ്എസ് പ്രചാരകനായാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. കേരളത്തിലെത്തിയത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തെ കളിയാക്കുന്നതിനും ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നതിനുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന സീറ്റേയുളളൂവെന്ന് അഹങ്കാരത്തോടെ പറയുന്ന മോദി രണ്ട് അംഗങ്ങളുമായി പാര്‍ലിമെന്റില്‍ ഇരുന്ന ബിജെപിയുടെ കാര്യം മറന്നുവോയെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ കക്ഷിയായിട്ടല്ല ബിജെപി പാര്‍ലമെന്റ് ഭരിക്കുന്നത് എന്നത് ഓര്‍ക്കണം. ഭിന്നിച്ചുനിന്ന കക്ഷികളാണ് മോദിക്ക് വിജയം സമ്മാനിച്ചത്. കേരളത്തില്‍ കലാപമാണെന്നും അക്രമമാണെന്നും പ്രസംഗിക്കുന്ന മോഡി 2002ലെ ഗുജറാത്ത് കലാപം മറന്നുപോയോ എന്നും രാജ ചോദിച്ചു. അന്ന് മോദിക്ക് മുന്നറിയിപ്പു നല്‍കിയത് വാജ്‌പേയി ആയിരുന്നു. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം തുടരെ ലഭിച്ചുകൊണ്ടിരിക്കുന്ന പരാജയങ്ങളും മോദി ചിന്തിക്കുന്നില്ല. കേരളത്തിലെത്തുന്ന ബിജെപി നേതാക്കള്‍ വര്‍ഗീയ കലാപത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നത് അവസാനിപ്പിക്കണം. കേരളത്തില്‍ ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിന് കോടികളാണു മാറ്റിവച്ചിരിക്കുന്നത്. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ ബോധ്യമാവുമെന്നും സിപിഐ നേതാവ് പറഞ്ഞു. പെരുമ്പാവൂര്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് എല്‍ഡിഎഫ് തയ്യാറാവില്ലെന്നും കുറ്റവാളികളെ പിടികൂടുന്നതിന് നടപടികള്‍ ശക്തമാക്കണമെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡണ്ട് ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി ആര്‍ ദിനേഷ്, സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയന്‍ കുനിശ്ശേരിയും പങ്കെടുത്തു.
Next Story

RELATED STORIES

Share it