മോദി കെയറു'മായി സഹകരിക്കില്ല: മമതാ ബാനര്‍ജി

'ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബൃഹദ് ആരോഗ്യ പദ്ധതിയില്‍ നിന്ന് പശ്ചിമബംഗാള്‍ പിന്‍മാറും. സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്‍മാറ്റം. സംസ്ഥാനം സമാഹരിക്കുന്ന വിഭവങ്ങള്‍ മോദി കെയറിനായി നല്‍കാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.
കൃഷ്ണാ നഗറില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത. പദ്ധതിയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് പറയുന്നു. എന്നാല്‍, ഇക്കാര്യമടക്കം കേന്ദ്രം സംസ്ഥാനങ്ങളോട് ആലോചിട്ടില്ല. അതിനാല്‍, തങ്ങളെ പദ്ധതിക്കായി നിര്‍ബന്ധിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന 50 ലക്ഷം പേര്‍ക്ക് നിലവില്‍ സ്വാസ്ഥ്യ സാഥി എന്ന പേരില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നീതി ആയോഗ് സിഇഒ അമിതാബ് കാന്തിന്റെ കണക്കുകള്‍ പ്രകാരം 5500-6000 കോടിവരെയാണ് മോദി കെയറിന്റെ വാര്‍ഷിക ചെലവ്.
ഇതില്‍ 2000 കോടി മാത്രമാണ് കേന്ദ്ര വിഹിതം. ബാക്കിവരുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നതാണ് വ്യവസ്ഥ. മേദിസര്‍ക്കാര്‍ നടപ്പാക്കിയ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് നിസ്സാര തുകമാത്രമാണ് കേന്ദ്രം നീക്കി വച്ചിട്ടുള്ളതെന്നും മമത കുറ്റപ്പെടുത്തി.
കേന്ദ്രം നടപ്പാക്കാനിരിക്കുന്ന ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ അന്റ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്ലിനെയും ബംഗാള്‍ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളുടെ ഒരു പങ്ക് ബാങ്കുകള്‍ക്ക് കൈകാര്യം ചെയ്യാം എന്നതാണ് ബില്ലിലെ വ്യവസ്ഥ. ജനങ്ങളെ ബാങ്കുകളില്‍ നിന്ന് അകറ്റുന്നതാണ് ഈ തീരുമാനം. അതിനാല്‍, ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. ഇല്ലെങ്കില്‍ ശക്തമായി പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും മമത മുന്നറിയിപ്പ് നല്‍കി.



Next Story

RELATED STORIES

Share it