kannur local

മോദി ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു: എം എം ഹസന്‍

പയ്യന്നൂര്‍: അധികാരം നിലനിര്‍ത്താന്‍ നരേന്ദ്ര മോദി ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ജനമോചനയാത്ര സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജപ്രചാരണങ്ങളിലൂടെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ജനാധിപത്യത്തിന്റെ ആത്മാവായ മതേതരത്വം അപകടാവസ്ഥയിലാണ്. ന്യൂനപക്ഷങ്ങളെയും ദലിതരെയും ബിജെപി വേട്ടയാടുകയാണ്.
എസ്‌സി-എസ്ടി വിഭാഗങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ്. ഇന്ത്യയുടെ സമ്പദ്ഘടന മോദി ഭരണത്തില്‍ തകര്‍ന്നു. ഒരൊറ്റ നികുതി ഒരൊറ്റ ഇന്ത്യയെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കാന്‍ തയ്യാറാവുന്നില്ല. അക്ഷരാര്‍ഥത്തില്‍ രാജ്യത്ത് നടക്കുന്നത് നികുതി കൊള്ളയാണ്. നികുതി കൊള്ളയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും സമന്‍മാരാണ്. ജിഎസ്ടിയുടെ വക്താവായാണ് തോമസ് ഐസക് പ്രവര്‍ത്തിച്ചത്. ഗുണ്ടാരാജാണ് കേരളത്തില്‍ നടക്കുന്നത്. അധികാരത്തണലില്‍ സിപിഎം പരക്കെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. കൊലപാതകങ്ങളെ ഒന്ന് അപലപിക്കാനോ ഇരയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ഇങ്ങനെ ശിലാഹൃദയനായി മുഖ്യമന്ത്രി മാറാന്‍ കാരണം കുറ്റബോധം കൊണ്ടാണോയെന്നു വ്യക്തമാക്കണം. പ്രതിയോഗികളെ ഇല്ലാതാക്കുന്ന സിപിഎം ചുവപ്പ് ഫാഷിസമാണ് നടപ്പാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീട് വയ്ക്കാന്‍ നല്‍കിയ ഭൂമി ചിത്രലേഖയില്‍ നിന്നു തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത സിപിഎമ്മിന്റെ രാഷ്ട്രീയ വൈര്യാഗത്തിന്റെ ചെറിയ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.     യാത്രയുടെ ഭാഗമായി ‘അക്രമത്തിനെതിരേ അമ്മ മനസ്സ്’ എന്ന പേരില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാംപയിന്റെ ജില്ലാതല ഉദ്ഘാടനം സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട പുറച്ചേരി ബാലകൃഷ്ണന്റെ വിധവ ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്, കെപിസിസി ഖജാഞ്ചി ജോണ്‍സണ്‍ എബ്രഹാം, ജനറല്‍ സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, ടി ശരത്ചന്ദ്ര പ്രസാദ്, സജീവ് ജോസഫ്, വി എ നാരായണന്‍, എന്‍ സുബ്രഹ്്മണ്യന്‍, സുമാ ബാലകൃഷ്ണന്‍, കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ പി അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, നെയ്യാറ്റിന്‍കര സനല്‍, ഐ കെ രാജു, പി എ സലീം, ആര്‍ വല്‍സലന്‍ സംബന്ധിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം വൈകീട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു.
Next Story

RELATED STORIES

Share it