Flash News

മോദി അംബാനിയുടെ കാവല്‍ക്കാരന്‍

കെ എ സലിം

ന്യൂഡല്‍ഹി: റഫേല്‍ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ വ്യവസ്ഥ വച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി മോദി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. 30,000 കോടി രൂപ റിലയന്‍സിന്റെ അനില്‍ അംബാനിക്ക് പോക്കറ്റിലാക്കാന്‍ സഹായം ചെയ്യുകയാണ് മോദി ചെയ്തത്. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ചൗക്കീദാറായാണ് (കാവല്‍ക്കാരന്‍) പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ ഫ്രാന്‍സ് സന്ദര്‍ശനം കള്ളത്തരം മറയ്ക്കാനുള്ളതാണെന്നും രാഹുല്‍ ആരോപിച്ചു. ബുധനാഴ്ചയാണ് നിര്‍മല ഫ്രാന്‍സിലേക്ക് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പോയത്. റഫേല്‍ കരാറിനുള്ള പ്രതിഫലമായാണ് അനില്‍ അംബാനിയെ പങ്കാളിയായി ഉള്‍പ്പെടുത്തിയതെന്ന് റഫേല്‍ നിര്‍മാണക്കമ്പനിയായ ഡാസോയുടെ പഴയ എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തിയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. റഫേലില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കല്‍ നിര്‍ബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഡാസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ചായിരുന്നു വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ താല്‍പര്യപ്രകാരമാണ് റിലയന്‍സ് കരാറിന്റെ ഭാഗമായതെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റും പറഞ്ഞിരുന്നു. ഇത് മോദിയുടെ അഴിമതി വ്യക്തമാക്കുന്നതാണ്. മറ്റു കരാറുകളിലും ഇത്തരത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് പുറത്തുവരേണ്ടതുണ്ട്. ഇത് റഫേലിന്റെ മാത്രം കാര്യമല്ല, പ്രതിരോധ മേഖലയുടെ മൊത്തം കാര്യമാണ്. ഭാവിയില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയരും- രാഹുല്‍ പറഞ്ഞു.
അതേസമയം, കരാറില്‍ പങ്കാളിയായി റിലയന്‍സിനെ തിരഞ്ഞെടുത്തത് സ്വതന്ത്രമായ തീരുമാനമായിരുന്നുവെന്നും അതില്‍ സമ്മര്‍ദമുണ്ടായില്ലെന്നും മീഡിയാ പാര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഡാസോ ഏവിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതിനായി 2017 ഫെബ്രുവരി 10ന് ഡാസോ റിലയന്‍സ് എയ്‌റോ സ്‌പേസ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. ബിടിഎസ്എല്‍, ഡിഇഎഫ്എസ്‌വൈഎസ്, കിനെറ്റിക്, മഹീന്ദ്ര, മെയ്‌നി, സാംടെല്‍ തുടങ്ങിയ മറ്റു കമ്പനികളുമായും പല കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. മറ്റു നൂറുകണക്കിന് കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it