Flash News

മോദിയുടെ ചെമ്പ് പുറത്തായി; 2019ല്‍ ജയിക്കാന്‍ ബാലനരേന്ദ്ര ചിത്രകഥകളും മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ലെന്ന് എംബി രാജേഷ്

മോദിയുടെ ചെമ്പ് പുറത്തായി; 2019ല്‍ ജയിക്കാന്‍ ബാലനരേന്ദ്ര ചിത്രകഥകളും മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ലെന്ന് എംബി രാജേഷ്
X
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ബിജെപിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് എം ബി രാജേഷ് എം
പി.എല്‍ഡിഎഫ്. സര്‍ക്കാരിന് ലഭിച്ച പിറന്നാള്‍ സമ്മാനമാണ് ചെങ്ങന്നൂരിലെ ഗംഭീരവിജയമെന്നും ഇന്ദിരാഭവനും മാരാര്‍ജിഭവനും ഇപ്പോള്‍ ശോകമൂകമായെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.



ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

അല്‍പ്പം വൈകിയെങ്കിലും ചെങ്ങന്നൂരിനെയും കൈരാനയെയും കുറിച്ചു പറയാതിരിക്കാനാവില്ലല്ലോ.
'ക്ലാസ്സ് മുറിയിലിരുന്ന് സ്വപ്‌നം കാണുന്നവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ക്കവരുടെ സ്വപ്‌നങ്ങളെങ്കിലും നഷ്ടമാകുന്നില്ലല്ലോ'സച്ചിദാനന്ദന്‍(ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ആത്മഗതം)

'മിസോറാമിലേക്കും ആന്ധ്രയിലേക്കും
നാടുകടത്തപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍
അവര്‍ക്കവരുടെ ഭാവിയങ്കിലും നഷ്ടമാകുന്നില്ലല്ലോ'
ശോകമൂകമായിത്തീര്‍ന്ന ഇന്ദിരാഭവനിലും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ മുന്‍കൂര്‍ സജ്ജമാക്കിക്കഴിഞ്ഞ നൂറുകോടിയുടെ ബഹുനിലമന്ദിരത്തിന്റെ പ്ലാനും സ്‌കെച്ചും നോക്കി നെടുവീര്‍പ്പിടുന്ന മാരാര്‍ജി ഭവനിലും നിന്നുയരുന്ന ആത്മഗതങ്ങള്‍ ഇങ്ങനെയായിരിക്കും.
ചെങ്ങന്നൂരങ്കം ജയിച്ച് ത്രിപുരക്കു പിന്നാലെ കേരളം കയ്യടക്കാനുള്ള അങ്കം കുറിക്കുന്നുവെന്ന് വീമ്പുപറഞ്ഞ സംഘപരിവാറിനും ആര്‍.എസ്.എസ്. പിന്തുണയോടെ ചെങ്ങന്നൂരില്‍ സി.പി.എമ്മിനെ വിനയാന്വിതരാക്കാനുള്ള സംയുക്തസംരഭ ആഹ്വാനം നല്‍കിയ ആന്റണിയും ഗണപതി വിഗ്രഹം പോലെ സംഘിത്തലയും കോണ്‍ഗ്രസ് ഖദറുമായി പണ്ടു മുതലേ ജീവിച്ചുവരുന്ന ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫിനും ഈ വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കുക അത്ര എളുപ്പമല്ലല്ലോ. പ്രതിപക്ഷ നേതാവിന്റെ ചെന്നിത്തലയിലും നാടിന്റെ 'കണ്‍മണി' യുടെ വെണ്‍മണിയിലും മുന്‍മുഖ്യന്റെ തറവാട്ടുമുറ്റത്തുമെന്നുവേണ്ട ഇടതുവിരുദ്ധശക്തികള്‍ക്ക് ചെങ്ങന്നൂരാസകലം ഇടംവലമില്ലാത്ത പ്രഹരമാണല്ലോ കിട്ടിയത്.ഇനി പരാജിതരുടെ ദീനരോദനങ്ങള്‍ നോക്കൂ.

വര്‍ഗ്ഗീയകാര്‍ഡിറക്കിയെന്ന് ആന്റണി. ബി.ജെ.പി.യുമായി ധാരണയുണ്ടാക്കിയെന്ന് സ്ഥാനാര്‍ത്ഥി വിജയകുമാര്‍.
അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ബി.ജെ.പി. കനത്ത തോല്‍വിയുടെ ആശയക്കുഴപ്പം മുഴുവന്‍ പരസ്പര വിരുദ്ധമായ ഈ വിലാപങ്ങളിലുണ്ട്. കോണ്‍ഗ്രസുകാരോടും ലീഗ്‌കേരളകോണ്‍ഗ്രസുകാരോടും മാത്രമല്ല ആര്‍.എസ്.എസുകാരോടും സി.പി.എമ്മിനെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട ആന്റണിയുടെ വര്‍ഗ്ഗീയ കാര്‍ഡ് കീറിയെറിഞ്ഞ മതനിരപേക്ഷ ശക്തികളുടെ ഏകീകരണമാണ് ചെങ്ങന്നൂരിലുണ്ടായത്. ആര്‍.എസ്.എസ്. വോട്ട് വേണമെന്ന് പറഞ്ഞ ആന്റണിയും അതു വേണ്ടെന്നു പറഞ്ഞ കോടിയേരിയും രണ്ടു രാഷ്ട്രീയനിലപാടാണ് പ്രഖ്യാപിച്ചത്.

രണ്ടുവര്‍ഷത്തെ എല്‍.ഡി.എഫ്. സര്‍ക്കാരിന് പിറന്നാള്‍ സമ്മാനമായി ലഭിച്ച ഈ ഗംഭീരവിജയം അധികാരദുര്‍വ്വിനിയോഗത്തിന്റെ ഫലമെന്ന് ബി.ജെ.പി. ജനങ്ങള്‍ക്കായി അധികാരം വിനിയോഗിക്കുന്നത് ദുര്‍വ്വിനിയോഗമായി തോന്നുന്നതാണ് ബി.ജെ.പി.യുടെ ഗുരുതര രോഗം. അവര്‍ ധരിച്ചുവശായിരിക്കുന്നത് അധികാരം കോര്‍പ്പറേറ്റുകള്‍ക്കു മാത്രമായി വിനിയോഗിക്കാനുള്ളതാണെന്നും അല്ലാത്തതെല്ലാം ദുര്‍വ്വിനിയോഗമാണെന്നുമാണ്. വരാപ്പുഴ മുതല്‍ കെവിന്‍ വധം വരെയുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രചരണങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടും എല്ലാ പഞ്ചായത്തിലും 90% ബൂത്തുകളിലും ലീഡ് നേടി, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ചത് ജാതിമതഭേദങ്ങള്‍ക്കതീതമായി സര്‍ക്കാരിനും എല്‍.ഡി.എഫ്.രാഷ്ട്രീയ നിലപാടുകള്‍ക്കുമുള്ള അംഗീകാരമല്ലാതെ മറ്റെന്താണ്. മറിച്ചുള്ള മാധ്യമ ദുര്‍വായനകള്‍ ന്യൂസ്‌റൂം ഖാപ് പഞ്ചായത്തുകളുടെ ഇച്ഛാഭംഗത്തിന്റെ പ്രാകൃത പ്രകടനം മാത്രമാണ്.

മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ പാടുപെടുന്ന പരിഹാസ കഥാപാത്രത്തെ എഴുന്നള്ളിച്ച് ചെങ്ങന്നൂര്‍ പിടിക്കാന്‍ വന്നവര്‍ 'വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!' എന്ന മട്ടിലാണിപ്പോള്‍. ഇവിടെ മാത്രമല്ല, രാജ്യമാകെ ഉപതെരഞ്ഞെടുപ്പ് നടന്നിടത്തൊക്കെ സംഘികളുടെ ചാണക്യസൂത്രങ്ങള്‍ മണ്ണുകപ്പിയതാണ് കാഴ്ച. ചെങ്ങന്നൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന 4 ലോക്‌സഭാ മണ്ഡലങ്ങളിലും 11 നിയമസഭാ മണ്ഡലങ്ങളിലും വെറും ഓരോന്ന് വീതമാണ് ഭാ.ജ.പ.ക്ക് കിട്ടിയത്. 2014 ല്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ നടന്ന 10 ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ആകെ നിലനിര്‍ത്തിയത് ഒരു സീറ്റ്. ഈ പത്തില്‍ ആറു സീറ്റിലും ബി.ജെ.പി.ക്ക് ഒറ്റക്ക് 50 ശതമാനത്തിലേറെ വോട്ടണ്ടായിരുന്നു. ബാക്കി രണ്ടില്‍ 50 ശതമാനത്തിനടുത്തും. ഈ എട്ടു സീറ്റുകളില്‍ പ്രതിപക്ഷം ഒന്നിച്ചാലും 2014 ലെ വോട്ട് നിലനിര്‍ത്തിയാല്‍ ബി.ജെ.പി. ജയിക്കുമായിരുന്നെന്നര്‍ത്ഥം. അതായത് പ്രതിപക്ഷ യോജിപ്പ് മാത്രമല്ല ജനം മോദി ഭരണത്തിനെതിരായതാണ് പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം.

കണക്കുകള്‍ അന്ധഭക്തര്‍ക്കൊന്നും ന്യായീകരിക്കാനാവുന്നതല്ല. അള്‍വാറില്‍ 35%, അജ്മീറില്‍ 20%,ഗുരുദാസ്പൂരീല്‍ 22% ഉരുക്കുകോട്ടയായ ഗോരഖ്പൂരില്‍ 9%. കൈരാനയില്‍ 2014 ലെ ബി.ജെ.പി.യുടെ ഭൂരിപക്ഷം രണ്ട് ലക്ഷത്തിലേറെ. ഇത്തവണ തോറ്റത് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്. നാലു കൊല്ലം കൊണ്ട് ജനത്തിനെ ഇങ്ങനെ വെറുപ്പിക്കാന്‍ മോദിക്കല്ലാതെ ആര്‍ക്കു കഴിയും? ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടായ ഈ സീറ്റുകള്‍ അവരുടെ ശക്തികേന്ദ്രമാണെന്നു മാത്രമല്ല 2014 ല്‍ ഏറ്റവും കൂടുതല്‍ സീറ്റ് അവര്‍ക്ക് നല്‍കിയ, ബി.ജെ.പി.സ്വാധീന മേഖലകളായ 6 സംസ്ഥാനങ്ങളിലുള്ളവയാണ്. ഇവിടുന്നാണ് ലോക്‌സഭയിലെ 40% സീറ്റുകളും എന്നുമോര്‍ക്കുക. ബാക്കിയുള്ളിടത്ത് ബി.ജെ.പി. നേരത്തെ തന്നെ

ദുര്‍ബ്ബലമാണ്. ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണ പദ്ധതിയില്‍ മുഖ്യസ്ഥാനമായിരുന്നു കൈരാനക്കുണ്ടായിരുന്നത്. വര്‍ഗ്ഗീയമായ ഭിന്നിപ്പുകള്‍ കൊണ്ടും മോദിസ്തുതി കൊണ്ടും 2019 ജയിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണിതെല്ലാം വിരല്‍ ചുണ്ടൂന്നത്. മോദി ഭരണത്തില്‍ പൊറുതിമുട്ടിയ ജനം തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തരേന്ത്യയില്‍ പടരുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ വാര്‍ത്തയാണ് ഇതെഴുതുമ്പോള്‍ മുന്നില്‍. ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന കൃഷിക്കാര്‍ വില ഇടിഞ്ഞ ഉല്‍പ്പന്നങ്ങള്‍ റോഡില്‍ തള്ളുന്നു. കൈരാനയില്‍ തോറ്റതിന്റെ പ്രതികാരമെന്ന പോലെ പാചകവാതകത്തിന് ഒറ്റയടിക്ക് 48 രൂപ കൂട്ടുകയാണല്ലോ മോദി ചെയ്തത്. 2014ലെ തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മുമ്പ് മന്‍മോഹന്റെ അതേ സ്ഥിതിയിലാണിപ്പോള്‍ മോദിയുടെ റേറ്റിങ്ങ് എന്ന് സര്‍വ്വേ പറയുന്നു.
2019 ല്‍ ജയിക്കാന്‍ ബാലനരേന്ദ്ര ചിത്രകഥകളും മോദി മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ല ഭക്തരേ. മോദിയുടെ ചെമ്പ് പുറത്തായിക്കഴിഞ്ഞു കൂട്ടരേ.

വാല്‍ക്കഷണം: കേരളത്തിലെ സംഘികള്‍ക്ക് ആശ്വസിക്കാം. മോദിയുടെയും ഷായുടെയും തന്നെ കളസം കീറിയിരിക്കുമ്പോള്‍ ചെങ്ങന്നൂരിനെക്കുറിച്ചൊന്നും ചോദിക്കാന്‍ ദില്ലിയില്‍ നിന്നുള്ള ഗോസായിമാരൊന്നും വരില്ല.
Next Story

RELATED STORIES

Share it