kozhikode local

മോദിയും പിണറായിയും ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെ: കെ മുരളീധരന്‍

പേരാമ്പ്ര: ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെയാണ് നരേന്ദ്രമോദിയും പിണറായി വിജയനുമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ.  പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധതയിലും വര്‍ഗീയ ഫാസിസ്റ്റുകളെ താലോലിക്കുന്നതിലും ഇരു സര്‍ക്കാരുകളും മല്‍സരിക്കുകയാണ്.പിണറായിയുടെ ഭരണത്തില്‍ ആകെ നേട്ടമുണ്ടാക്കിയത് ടി പി രാമകൃഷ്ണന്റെ എക്‌സൈസ് വകുപ്പാണ്. അഞ്ച് മദ്യഷാപ്പ് ഉള്ളിടത്ത് ഇപ്പോള്‍ 30 ഷാപ്പുകളാണുള്ളത്. പൂജ്യം മാര്‍ക്ക് ലഭിച്ച കുട്ടി 10 ശതമാനം മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് മാര്‍ക്കിടുന്നതു പോലെയാണ് പിണറായി മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി ആട്ടിന്‍തോലണിഞ്ഞ ചെന്നായ ആണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത്  ഇന്ത്യയിലെ ജനങ്ങള്‍ മനസ്സിലാക്കാതെപോയതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം. യുപിഎയുടെ സാമ്പത്തികനയം എത്രമാത്രം ജനോപകാരപ്രദമായിരുന്നുവെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. യുപിഎയുടെ സാമ്പത്തിക നയത്തില്‍ കര്‍ഷകര്‍ക്കും സാധാരാണക്കാര്‍ക്കുമായിരുന്നു മുന്‍തൂക്കം. എന്നാല്‍ മോദിയുടെ സാമ്പത്തിക നയത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് സ്ഥാനം. ദലിതരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
ജുഡീഷ്യറിയെ വരുതിയിലാക്കാനാണ് ബിജെപിയുടെ ശ്രമം. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വിധികളാണ് സുപ്രീം കോടതിയില്‍ നിന്ന് പുറത്തു വരുന്നത്. സിപിഎമ്മിന്റെ ഭാവി തീരുമാനിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് ഹൈദരാബാദില്‍ നടക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്  വേണ്ട എന്നാണ് ഇനിയും സിപിഎം പറയുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവരെ കാണാന്‍ ബൈനോകുലര്‍ വെച്ച് നോക്കേണ്ടി വരുമെന്നും മുരളീധരന്‍ പരിഹസിച്ചു.  മണ്ഡലം പ്രസിഡന്റ് വാസു വേങ്ങേരി അധ്യക്ഷനായി . ഡിസിസി പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി,പി കെ രാഗേഷ്, സത്യന്‍ കടിയങ്ങാട്,  മുനീര്‍ എരവത്ത്, ഇ അശോകന്‍, ഇ വി രാമചന്ദ്രന്‍, ബാബു തത്തക്കാടന്‍, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍,  പി പി രാമകൃഷ്ണന്‍, എം എം സതീശന്‍ സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിക്ക് വി ആലിസ് മാത്യൂ, കെ സി രവീന്ദ്രന്‍, മനോജ് എടാണി, കെ ജാനു, പ്രദീഷ് നടുക്കണ്ടി,  ഇ പി മുഹമ്മദ്, ഷാജു പൊന്‍പറ, ആര്‍ കെ രജീഷ് കുമാര്‍, പി സി സജീവന്‍, രതി രാജീവ്, പി എസ് സുനില്‍കുമാര്‍, റംഷാദ് പാണ്ടിക്കോട്, റഷീദ് പുറ്റംപൊയില്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it