മോദിയല്ല രാജ്യം, ആര്‍എസ്എസ് പാര്‍ലമെന്റുമല്ല: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ ശവകുടീരത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചതുകൊണ്ടു മാറ്റങ്ങളുണ്ടാവില്ലെന്നും ഭരണഘടനാ തത്വങ്ങള്‍ കേന്ദ്രം ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറുടെ 125ാം ജന്മദിനത്തില്‍ ഉത്തര്‍പ്രദേശിലെ മെഹൗയിലെത്തി മോദി പുഷ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ടാണ് കെജ്‌രിവാളിന്റെ പരാമര്‍ശം. അംബേദ്കറെ ഉപയോഗിച്ച് മോദി രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
മോദിയല്ല രാജ്യം. ആര്‍എസ്എസ് പാര്‍ലമെന്റല്ല. മനുസ്മൃതി ഭരണഘടനയുമല്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ആവശ്യങ്ങളിലൂന്നിയാണ് മോദിക്കെതിരേ കെജ്‌രിവാള്‍ വിമര്‍ശനം ഉന്നയിച്ചത്. ട്വിറ്ററില്‍ സ്ത്രീകള്‍ക്കെതിരേ ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് ഉയരുന്ന മോശപ്പെട്ട പദപ്രയോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മോദി തയ്യാറാവണം.
പിന്‍വാതിലിലൂടെ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ നിയമിക്കുന്നതു നിര്‍ത്തണം. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം സൂചിപ്പിച്ച് കെജ്രിവാള്‍ ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും ഭക്ഷണശീലവും അടിച്ചമര്‍ത്തുന്ന നിലപാടുകള്‍ക്കെതിരേ നടപടിയെടുക്കണം. ഡല്‍ഹി സര്‍ക്കാരിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
എന്‍സിഇആര്‍റ്റി വിദ്യാഭ്യാസം കാവിവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it