Flash News

മോട്ടര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കുന്നു : വിദ്യാര്‍ഥികളുമായി പോവുന്ന സ്വകാര്യ വാഹനങ്ങള്‍ നിരീക്ഷണത്തില്‍



നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: അധ്യയന വര്‍ഷമാരംഭിച്ചതോടെ സ്‌കൂള്‍ കുട്ടികളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളും നിരത്തുകളില്‍ സജീവമായി. രാവിലെയും വൈകീട്ടുമായി രണ്ട് ട്രിപ്പാണ് വാഹനങ്ങള്‍ ഓടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോവുന്ന ഭുരിപക്ഷം വിദ്യാര്‍ഥികളാണ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത്.  ഈ സാഹചര്യത്തിലാണ് അന്യായമായി വിദ്യാര്‍ഥികളെയും വഹിച്ചുകൊണ്ടുപോവുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങുന്നത്. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെയും കൊണ്ടുപോവുന്നതിന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പെര്‍മിറ്റ് എടുക്കണമെന്നാണ് നിയമം. ചെറിയ തുകയടച്ച് ഒരു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ പെര്‍മിറ്റ് സ്വന്തമാക്കാം. ഇങ്ങനെ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്കാണ് വിദ്യാര്‍ഥികളെ കയറ്റാന്‍  അനുവാദം നല്‍കുന്നത്. പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. സുരക്ഷ മുന്‍നിര്‍ത്തി വാഹനങ്ങളുടെ രണ്ട് വശവും അടച്ചുറപ്പുണ്ടാവണമെന്നാണ് പ്രധാന നിയമം. ബാഗുകള്‍ സൂക്ഷിക്കാന്‍  വാഹനത്തില്‍ പ്രത്യേക സൗകര്യം ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്. സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ട് പോവുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. 12 വയസ്സിന് താഴേ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാഹനങ്ങളാണെങ്കില്‍ സാധാരണ യാത്രക്കാരുടെ ഇരട്ടി കുട്ടികളെ കയറ്റാന്‍ അനുവദിക്കുന്നുണ്ട്.  12 വയസ്സില്‍ താഴെയുളള ആറ് കുട്ടികളെ വിദ്യാലയത്തിലേക്ക് ഒരു ഓട്ടോറിക്ഷയില്‍ എത്തിക്കാം. എന്നാല്‍, കുട്ടികളെ കൊണ്ടുപോവുന്ന ഏറിയപങ്കും സ്വകാര്യ വാഹനങ്ങള്‍ ഇൗ നിബന്ധനകളൊന്നും പാലിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍തന്നെ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം പരിശോധനകള്‍ കര്‍ശനമാക്കുവാന്‍ വാഹന വകുപ്പ് തീരുമാനിച്ചത്. സ്‌കൂള്‍ സമയത്തെ  പരിശോധനകള്‍ വിദ്യാര്‍ഥികളെയും ബുദ്ധിമുട്ടിലാക്കുന്നതുകൊണ്ട് സ്‌കൂള്‍ അധികൃതരുടെയും മാതാപിതാക്കളുടെയും സഹകരണമാണ് ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെടുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ ഓടുന്ന വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുത്. നിയമലംഘനം നേരിട്ട് കാണുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ച് പരാതിയും അറിയിക്കാം. ബസ്സുകള്‍ സ്വന്തമായുള്ള സ്‌കൂളുകള്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു സഹായിയേയും നിര്‍ബന്ധമായി നിയമിക്കണമെന്നും ഡോറുകള്‍ ഘടിപ്പിക്കാത്ത ഒരു വാഹനത്തില്‍ പോലും വിദ്യാര്‍ഥികളെ കയറ്റാന്‍ അനുവദിക്കുകയില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it