malappuram local

മോങ്ങത്ത് ഏഴ് ടണ്‍ സ്‌ഫോടകവസ്തു പിടികൂടിയിട്ട് ഒരുമാസംഅന്വേഷണം എങ്ങുമെത്തിയില്ല; ഇരുട്ടില്‍തപ്പി പോലിസ്

കൊണ്ടോട്ടി: ദേശീയപാത മോങ്ങത്ത് ഏഴ് ടണ്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തിന് ഒരുമാസമാവുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യപ്രതിയെന്ന് പോലിസ് പറയുന്ന മേല്‍മുറി ആലത്തിയൂര്‍ പടി സ്വദേശി ബാസിത്തിനെ ഇതുവരെ പിടികൂടാന്‍ പോലിസിനായിട്ടില്ല.
ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പിടികൂടിയ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടോട്ടി പോലിസ് സ്‌റ്റേഷനില്‍ ഒരുമാസമായി സൂക്ഷിച്ചിരിക്കുകയാണ്. ഡിറ്റണേറ്ററുകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ മാറ്റിയിട്ടില്ല. എക്്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ പരിശോധിക്കാന്‍ എത്തുന്നത് വൈകുന്നതാണ് സ്‌ഫോടകവസ്തുക്കള്‍ മാറ്റാന്‍ കഴിയാത്തതിന് കാരണമായി പറയുന്നത്.
കര്‍ണാടകയില്‍നിന്ന് ലോറിയില്‍ കടത്തിക്കൊണ്ടുവന്നതും മോങ്ങത്തെ ഗോഡൗണില്‍ സൂക്ഷിച്ചതുമായ ഏഴ് ടണ്‍ ജലാറ്റിന്‍ സ്റ്റിക്ക്, 17,000 ഡിറ്റണേറ്ററുകള്‍, ആറ് ടണ്‍ സേഫ്റ്റി ഫ്യൂസ് എന്നിവ കഴിഞ്ഞ 28 നാണ് പോലിസ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി ടി എ ജോര്‍ജ് (40), കര്‍ണാടക ചിക്കമംഗളൂരു സ്വദേശി ഹക്കിം (32) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. മോങ്ങത്ത് ബാസിത്തിന്റെ നിയന്ത്രണത്തിലുള്ള ഗോഡൗണിലേക്കാണ് സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നിരുന്നത്. തുടര്‍ന്ന് പോലിസ് ഇയാളെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടകവസ്തു കടത്ത് സംബന്ധിച്ച അന്വേഷണത്തില്‍ പോലിസ് അലംഭാവം കാണിക്കുന്നെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഇതിനിടയിലാണ് ബാസിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 24ന് ഗോഡൗണ്‍ കോഴിക്കാഷ്ടം സൂക്ഷിക്കുന്നതിന് മറ്റൊരാള്‍ക്ക് കൈമാറിയതായുള്ള രേഖ സഹിതമാണ് ബാസിത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ഈ രേഖയുടെ ആധികാരികത സംബന്ധിച്ചും ചോദ്യങ്ങളുയരുന്നുണ്ട്്. കോഴിക്കോട് സ്വദേശിയായ മജീദ് എന്നൊരാളാണ് സ്‌ഫോടകവസ്തുക്കള്‍ മോങ്ങത്ത് എത്തിക്കാന്‍ ബന്ധപ്പെട്ടതെന്ന് ജോര്‍ജ് പോലിസിനോട് പറഞ്ഞിരുന്നു. എന്നാല്‍, മജീദിനേയും ഇതുവരെ പിടികൂടാനായിട്ടില്ല.
അനധികൃതവും അംഗീകൃതവുമായ ക്വാറികളില്‍ പാറപൊട്ടിക്കുന്നതിനാണ് മോങ്ങം കേന്ദ്രീകരിച്ച് സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, സംഘവുമായി ബന്ധമുള്ള ക്വാറി ഉടമകളെ കണ്ടെത്തുന്നതിനും പോലിസിന് കഴിഞ്ഞിട്ടില്ല. നേരത്തെ റവന്യൂ, ജിയോളജി വകുപ്പുകളും പോലിസും ചേര്‍ന്ന് സംയുക്തമായി ക്വാറികളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതും ജലരേഖയായി.
Next Story

RELATED STORIES

Share it