wayanad local

മൈസൂരു-തലശ്ശേരി റെയില്‍വേ ലൈനിന് സാധ്യതയേറുന്നു



മാനന്തവാടി: വയനാട് ഏറെ പ്രതീക്ഷ വച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ നടപടികളില്‍ സര്‍ക്കാര്‍ പിന്നാക്കംപോയെങ്കിലും തലശ്ശേരി-മൈസൂരു റെയില്‍വേ ലൈനിനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം, നാഗര്‍ഹോള ഒഴിവാക്കി കുട്ട, പെരിയപട്ടണ വഴിയുള്ള പാതയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തതോടെയാണ് പ്രതീക്ഷയേറുന്നത്. നേരത്തെ മൈസൂരു കഡക്കോളയില്‍ ആരംഭിച്ച് ഹൂറ, സര്‍ഗൂര്‍, കാരാപ്പുര, ജഗ്ഗഹള്ളി, മച്ചൂര്‍, ബൈരക്കുപ്പ, ബാവലി, ഷാണമംഗലം, പയ്യംപള്ളി, മാനന്തവാടി, കുഞ്ഞോം, വിലങ്ങാട്, വടകര, ചേറോട് വഴി തലശ്ശേരിയില്‍ അവസാനിക്കുന്ന ലൈനിന്റെ സാധ്യതകളെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയിരുന്നു. ഡെല്‍ഹി മെട്രോ ചെയര്‍മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു പഠനം. എന്നാല്‍, പാത ലാഭകരമാവില്ലെന്ന നിഗമനത്തെ തുടര്‍ന്ന് തുടര്‍നടപടികള്‍ മന്ദീഭവിച്ചു. ഇതിനിടെയാണ് റെയില്‍വേയുമായി സഹകരിച്ച് പുതിയ പാതകള്‍ക്കു മുതല്‍മുടക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുന്നോട്ടുവച്ച പാതകളില്‍ തലശ്ശേരി-മൈസൂരു പാതയും ഉള്‍ക്കൊള്ളുന്നത്. റെയില്‍വേയ്ക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ പ്രാധാന്യമുള്ള കമ്പനിയാണിത്. കഴിഞ്ഞ ദിവസം ചെയര്‍മാനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ മൈസൂരു-തലശ്ശേരി പാതയും വിഷയമായി. പാതയുടെ വിശദ റിപോര്‍ട്ട് (ഡിപിആര്‍) ഡിസംബര്‍ 31നു മുമ്പ് പൂര്‍ത്തിയാക്കി റെയില്‍വേയ്ക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ചിരുന്നു. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയേക്കാള്‍ വനപാത കുറഞ്ഞതും വന്യജീവി സങ്കേതമൊഴിവാക്കിക്കൊണ്ടും ആയിരിക്കും തലശ്ശേരി-മൈസൂരു പാത നിര്‍ണയിക്കുക. 247 കിലോമീറ്റര്‍ വരുന്ന പാതയ്ക്ക് 3,209 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്. നിലവില്‍ റെയില്‍ മാര്‍ഗം തലശ്ശേരിയില്‍ നിന്ന് മൈസൂരുവിലേക്ക് 810 കിലോമീറ്റര്‍ ദൂരമുണ്ട്. പാത യാഥാര്‍ഥ്യമാവുന്നതോടെ അഞ്ഞൂറിലധികം കിലോമീറ്റര്‍ കുറയും. യാത്രാസമയത്തില്‍ 12 മണിക്കൂറും ചുരുങ്ങും. റെയില്‍വേ അംഗീകരിച്ചാല്‍ എട്ടു വര്‍ഷത്തിനകം ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
Next Story

RELATED STORIES

Share it