മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരേ കോടതിയെ സമീപിക്കും: വിഎസ്

തിരുവനന്തപുരം: മൈക്രോഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ സാമ്പത്തിക ക്രമക്കേടിനെതിരേ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മൈക്രോഫിനാന്‍സ് ഇടപാട് വഴിയും നിയമനങ്ങള്‍ക്കു കോഴ വാങ്ങിയതിലൂടെയും ഏകദേശം 11,015 കോടി രൂപയുടെ ക്രമക്കേട് വെള്ളാപ്പള്ളി നടേശന്‍ നടത്തിയിട്ടുണ്ട്. പിന്നാക്കവിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് 15 കോടി രൂപയും പൊതുമേഖലാസ്ഥാപനത്തില്‍ നിന്ന് 5000 കോടി രൂപയും കടമെടുത്താണ് മൈക്രോഫിനാന്‍സ് പദ്ധതിനടപ്പാക്കിയത്. ഇതിലൂടെ ഈഴവ സമുദായത്തിലെ പാവപ്പെട്ട അമ്മമാരെയും സഹോദരിമാരെയും വെള്ളാപ്പള്ളി കബളിപ്പിക്കുകയായിരുന്നു.
അഞ്ചു ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കരുതെന്ന വ്യവസ്ഥ മറികടന്ന് 18 ശതമാനം പലിശയാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍, ഇതില്‍ ഒരു രൂപപോലും സ്ഥാപനങ്ങളില്‍ തിരിച്ചടച്ചില്ല. ആര്‍ ശങ്കര്‍ ആരംഭിച്ച എസ്എന്‍ ട്രസ്റ്റിന്റെ ചുമതല വെള്ളാപ്പള്ളി ഏറ്റെടുത്ത ശേഷം അധ്യാപക-അനധ്യാപക തസ്തികകളിലേക്കു നടത്തിയ നിയമനത്തിലും കുട്ടികളുടെ പ്രവേശനത്തിനുമായി 600 കോടി രൂപയോളമാണ് കോഴ വാങ്ങിയത്. ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് താനും വെള്ളാപ്പള്ളിയും തമ്മിലുള്ള ബന്ധം വഷളായത്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശം വിറ്റ് കാശാക്കുക എന്നതാണ് വെള്ളാപ്പള്ളിയുടെ ജീവിതവ്രതം. കള്ളുഷാപ്പിലൂടെ ജീവിതം തുടങ്ങി ചാരായഷാപ്പിലെത്തി നില്‍ക്കുകയാണ് അത്. എസ്എന്‍ഡിപിയെ ബിജെപിയുമായി കൂട്ടിക്കെട്ടാനാണ് ഇപ്പോഴത്തെ ശ്രമം. ഹൈന്ദവ ഏകീകരണമല്ല ശ്രീനാരായണീയ ആദര്‍ശം. ബിജെപി അധികാരത്തില്‍ വന്നശേഷം എതിരാണെന്നു തോന്നുന്നവരെ മുഴുവന്‍ വകവരുത്തുകയാണ്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയ ഫാഷിസം ഇന്ത്യയില്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it