World

മൈക്ക് പോംപിയോയുടെ നിയമത്തിന് സെനറ്റിന്റെ അംഗീകാരം

വാഷിങ്ടണ്‍: മൈക്ക് പോംപിയോയെ വിദേശകാര്യ സെക്രട്ടറിയായി യുഎസ് സെനറ്റ് അംഗീകരിച്ചു. 42നെതിരേ 57 വോട്ടുകള്‍ക്കാണ് ട്രംപിന്റെ നാമനിര്‍ദേശത്തിനു സെനറ്റ് അംഗീകാരം നല്‍കിയത്. പോംപിയോയുടെ നിയമനത്തിനെതിരേ ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടു ഡെമോക്രാറ്റുകള്‍ പോംപിയോക്ക് അനുകൂലമായി വോട്ട് ചെയ്തു.
സിഖ് മതവിശ്വാസിയായ ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സെനറ്റര്‍ രാജ് ഗോയലിനെ അശുഭ ലക്ഷണമെന്നും മറ്റൊരു തൊപ്പിധാരിയെന്നും പോംപിയോ ആക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു.
താനുമായി ഏറെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന റെക്‌സ് ടില്ലേഴ്‌സനെ മാറ്റിയാണ് ട്രംപ് വിശ്വസ്തനും സിഐഎ ഡയറക്ടറുമായ പോംപിയോയെ വിദേശകാര്യ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തത്.
സെനറ്റിന്റെ അംഗീകാരം ലഭിച്ച് 24 മണിക്കൂറിനകം പോംപിയോ ബ്രസ്സല്‍സില്‍ നാറ്റോ ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ ജീന്‍സ്് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗുമായി കൂടിക്കാഴ്ച നടത്തി. നാറ്റോ സഖ്യത്തിലെ വിദേശകാര്യ മന്ത്രിമാരുമായി അടച്ചിട്ട റൂമിലായിരുന്നു ചര്‍ച്ച. റഷ്യയുടെ ആക്രമണങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു പോംപിയോയുടെ പ്രധാന ആവശ്യം. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരേ റഷ്യ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും സഖ്യരാജ്യങ്ങള്‍ റഷ്യക്കെതിരേ ഒന്നിച്ചുനില്‍ക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു.
സഖ്യ രാജ്യങ്ങള്‍ സൈനിക ബജറ്റ് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോംപിയോ ഉടന്‍ ഇസ്രായേലും സൗദി അറേബ്യയും സന്ദര്‍ശിക്കുമെന്നും റിപോര്‍ട്ടുണ്ട്. വാഷിങ്ടണുമായി 2 പ്ലസ് 2 ചര്‍ച്ച നടക്കാനിരിക്കേ യുഎസിലെ വിദേശ സെക്രട്ടറി നിയമനത്തെ ഇന്ത്യയും ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിച്ചിരുന്നത്.
Next Story

RELATED STORIES

Share it