thrissur local

മേയറുടെ ഉത്തരവിനെതിരേ സിപിഎം കൗണ്‍സിലര്‍മാരും

തൃശൂര്‍: റിലയന്‍സ് കേബിള്‍ അഴിമതി ഇടപാടില്‍ സ്ഥലപരിശോധനക്കുള്ള മേയറുടെ ഉത്തരവ് മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി തള്ളി. നഗരം കണ്ട എറ്റവും വലിയ കുംഭകോണമായി റിലയന്‍സ് അഴിമതി ഇടപാട് മാറുന്നു. വസ്തുതകള്‍ വിലയിരുത്താതേയും നിയമപരമല്ലാതേയും കൗണ്‍സില്‍ തീരുമാനമനുസരിച്ചുള്ള മേയറുടെ ഉത്തരവ് പാലിക്കേണ്ടിതില്ലെന്നാണ് സിപിഎം നേതാവ് കൂടിയായ അഡ്വ. എം പി ശ്രീനിവാസന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം.
മേയര്‍ ജനാധിപത്യ ധ്വംസനവും അഴിമതിവാഴ്ചയും നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കേ സിപിഎമ്മിന് ഭൂരിപക്ഷമുള്ള സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ നിലപാട് ഭരണ നേതൃത്വത്തിനും കനത്ത ആഘാതമാണ്. ഇതിനിടെ റിലയന്‍സ് അഴിമതി ഫയല്‍ കാണാനില്ലെന്ന ഓഫിസ് നോട്ടും വിവാദമാകുകയാണ്.
ഏഴംഗസമിതിയില്‍ ശ്രീനിവാസന് പുറമെ ഇ ഡി ജോണി, ജ്യോതിലക്ഷ്മി, സുരേഷ്ണി സുരേഷ് എന്നിവരും സിപിഎം അംഗങ്ങളാണ്, പ്രതിപക്ഷനേതാവ് അഡ്വ.എം കെ മുകുന്ദന്‍, ടി ആര്‍ സന്തോഷ്, ബിജെപിയിലെ വി രാവുണ്ണി എന്നിവരാണ് പ്രതിപക്ഷാംഗങ്ങള്‍.
മേയറുടെ ഉത്തരവനുസരിച്ച് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയതായി ശ്രീനിവാസന്‍ ഒഴികെ മറ്റ് മൂന്ന് സിപിഎം അംഗങ്ങള്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയെങ്കിലും, മേയറുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന കമ്മിറ്റി തീരുമാനത്തില്‍ ഇവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയില്ല.
14.3.2017ലെ കൗണ്‍സില്‍ തീരുമാനം ഉദ്ധരിച്ച് റിലയന്‍സ് കേബിള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ നേരിട്ട് അളന്നു പരിശോധിക്കാന്‍ 4.1.2017ലാണ് മേയര്‍ മരാമത്ത് കമ്മിറ്റിക്ക് ഉത്തരവ് നല്‍കിയത്. കമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം മേയര്‍ ഉത്തരവിന്റെ കോപ്പി നല്‍കിയെങ്കിലും ചെയര്‍മാന്‍ ശ്രീനിവാസന് മാത്രം കത്ത് നല്‍കിയില്ല. ശ്രീനിവാസനെ കണ്ടില്ലെന്നായിരുന്നു വിശദീകരണം.
നോട്ടീസ് തന്നെ നിയമവിരുദ്ധമാണെന്നും മേയര്‍ക്കതിന്നധികാരമില്ലെന്നും ചൂണ്ടികാട്ടി കോണ്‍ഗ്രസിലെ എം.കെ.മുകുന്ദനും ടി.ആര്‍.സന്തോഷും മേയര്‍ക്കു കത്ത് നല്‍കിയിരുന്നു. സി.പി.എമ്മിലെ മറ്റ് മൂന്നംഗങ്ങളും റിലയന്‍സ് പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥലപരിശോധന നടത്തുകയും ചെയ്തു.
2013ലെ കൗണ്‍സില്‍ അനുമതിക്ക് വിരുദ്ധമായി കൂടുതല്‍ സ്ഥലത്തു റിലയന്‍സ് കേബിളിട്ടതായി ഉദ്യോഗസ്ഥ പരിശോധനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥ റിപ്പോര്‍ട്ടിനെ റിലയന്‍സ് ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കേ കമ്മിറ്റിയുടെ സ്ഥലപരിശോധന അനാവശ്യവും റിലയന്‍സിനെ സഹായിക്കാന്‍ ദുരുദ്ദേശപരവുമാണെന്നും ആരോപണമുണ്ട്.
2013ല്‍ 35 കിലോമീറ്റര്‍ കേബിളിടാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. 22 കിലോമീറ്റര്‍കൂടി പൈപ്പിടല്‍ 2016 ജനുവരിയില്‍ പുതിയ അപേക്ഷയും നല്‍കി. പക്ഷെ ഈ അപേക്ഷയില്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൗണ്‍സില്‍ തീരുമാനമുണ്ടായിട്ടില്ല. അതേസമയം അപേക്ഷയില്‍ പറയുന്ന റോഡുകളിലെല്ലാം റിലയന്‍സ് ഭരണനേതൃത്വത്തിന്റെ മൗനാനുവാദത്തോടെ കേബിളിടുകയും ചെയ്തു.
Next Story

RELATED STORIES

Share it