thrissur local

മേയര്‍ക്കെതിരേ കോണ്‍ഗ്രസ് തുറന്ന യുദ്ധത്തിന്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരേ കോണ്‍ഗ്രസ് തുറന്ന യുദ്ധത്തിന് കോ ണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി യോഗം തീരുമാനിച്ചു. കൗണ്‍സിലിനേയും കമ്മിറ്റികളേയും നോക്കുകുത്തിയാക്കിയുള്ള മേയറുടെ മുന്‍കൂര്‍ അനുമതികള്‍ നിരാകരിക്കാനാണ് തീരുമാനം.കോര്‍പ്പറേഷന്‍ ഇടതുമുന്നണി ഭരണത്തിനെതിരായി നിലപാട് ശക്തമാക്കാനും തീരുമാനം.
ഉപനേതാവ് ജോണ്‍ ഡാനിയേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ വര്‍ക്കുകള്‍ ഒഴികെയുള്ള മേയറുടെ മുന്‍കൂര്‍ അനുമതികളെയെല്ലാം എതിര്‍ക്കാനും വിയോജനകുറിപ്പ് നല്‍കി തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി അയക്കാനുമാണ് തീരുമാനമെന്ന് ജോണ്‍ ഡാനിയേല്‍ പറഞ്ഞു.
കമ്മിറ്റികളും കൗണ്‍സിലും അറിയാതെ മേയറുടെ മുന്‍കൂര്‍ അനുമതിയോടെ നടപ്പാക്കിയശേഷം കൗണ്‍സിലിന്റെ അംഗീകാരത്തിന് വരുന്നതു ജനാധിപത്യധ്വംസനമാണെന്ന് കണക്കാക്കി എതിര്‍ക്കാന്‍ കോ ണ്‍ഗ്രസ്-ബിജെപി പ്രതിപക്ഷം കൗണ്‍സിലില്‍ പരസ്യപ്രഖ്യാപനം നടത്തിയതാണെങ്കിലും പ്രയോഗികമായി നടന്നില്ല. മുന്‍കൂര്‍ അനുമതികളെല്ലാം ഭരണനേതൃത്വം പുഷ്പംപോലെ പാസാക്കിയെടുത്തു. ഇതു ഭരണ-പ്രതിപക്ഷ ഒത്തുകളിയാണെന്ന ആരോപണത്തിനും ഇടയാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കര്‍ശന നിലപാട് സ്വീകരിക്കാ ന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചത്. ഭരണനേതൃത്വത്തിന് അനുകൂലമായി ബിജെപി കൗണ്‍സിലര്‍മാരാണ് ഒത്തുകളിനടത്തുന്നതെന്ന് ഇതു തുറന്നുകാട്ടുക കൂടി തങ്ങളുടെ ലക്ഷ്യമാണെന്നും ജോണ്‍ ഡാനിയേല്‍ പറഞ്ഞു. ജനാധിപത്യവിരുദ്ധ മുന്‍കൂര്‍ അനുമതികളെ ബിജെപി അനുകൂലിച്ചാല്‍ സിപിഎം-ബിജെപി സഖ്യം ആരോപിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നും കോ ണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
പഴയ മുനിസിപ്പല്‍ പ്രദേശത്തെ ജനങ്ങളെ വൈദ്യുതി സേവനനിരക്കുകളും വാട്ടര്‍ ചാര്‍ജും വര്‍ധിപ്പിച്ച് കൊള്ളയടിക്കുന്നതിനെ ശക്തമായി ചെറുക്കാനും ജനാധിപത്യവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടാനും യോഗം തീരുമാനിച്ചു. ലൈസന്‍സിയായ കൗണ്‍സില്‍ അറിയാതെ നിരക്ക് കൂട്ടാനുള്ള വൈദ്യുതിവിഭാഗത്തിന്റെ തീരുമാനവും ഗാര്‍ഹീക ഉപഭോക്താക്കള്‍ക്കും വാട്ടര്‍ ചാര്‍ജ് കൂട്ടേണ്ടതില്ലെന്ന കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി നിരക്ക് കൂട്ടിയ കൗണ്‍സില്‍ ഭരണനേതൃത്വത്തിന്റെ തീരുമാനത്തിനെതിരായും ജനകീയ പ്രശ്‌നമായി ഉയര്‍ത്തികൊണ്ടുവരുമെന്നും ജോണ്‍ ഡാനിയേല്‍ പറഞ്ഞു.
വടക്കേ ബസ്സ്റ്റാന്റ് നവീകരണത്തില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി സ്‌കീം ചട്ടങ്ങള്‍ പാലിക്കാതെയും കൗണ്‍സില്‍ അറിയാതേയും സൗത്ത് ഇന്ത്യന്‍ ബാങ്കുമായുണ്ടാക്കിയ കരാറിലും യോഗം പ്രതിഷേധിച്ചു. പ്രളയകെടുതി നേരിടുമ്പോള്‍ മേയര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നില്ല.
വൈദ്യുതി ബോര്‍ഡ് ഉപേക്ഷിച്ച നഗരത്തിന് ആവശ്യമില്ലാത്ത, ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ നടപ്പാക്കാന്‍ ചട്ടിവിരുദ്ധമായി റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥയെ നിയമിച്ചതിലും യോഗം പ്രതിഷേധിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ഫ്രാന്‍സിസ് പാലിശ്ശേരി, ഷീന ചന്ദ്രന്‍, ലാലി ജെയിംസ് ഡി.സി. ജനറല്‍ സെക്രട്ടറിമാരായ എ പ്രസാദ്, സി ബി ഗീത ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it