Pravasi

മേഖലയില്‍ ഏറ്റവും ശുഭാപ്തി വിശ്വാസമുള്ള യുവത ഖത്തറില്‍



ദോഹ: മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍(മെന) മേഖലയില്‍ ഭാവിയെക്കുറിച്ച് ഏറ്റവും ശുഭാപ്തി വിശ്വാസമുള്ള യുവത ഖത്തറിലെന്ന് പഠനം. മേഖലയിലെ മറ്റു 15 രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഭാവിയെക്കുറിച്ച് നല്ലത് പ്രതീക്ഷിക്കുന്നവരാണ് ഖത്തരി യുവത. അറബ് യൂത്ത് സര്‍വേ 2017 പ്രകാരം ഖത്തറിലെ 18നും 24നും ഇടയില്‍ പ്രായമുള്ള 96 ശതമാനം പേരും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഖത്തര്‍ ശരിയായ പാതയിലാണ് മുന്നോട്ടു പോവുന്നതെന്ന് കരുതുന്നവരാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് ശരാശരി 85 ശതമാനവും അറബ് മേഖലയില്‍ 52 ശതമാനവും ആണ്. ശരിയായ യുവജന നയമാണ് സര്‍ക്കാര്‍ വികസിപ്പിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം ഖത്തരികളും കരുതുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച്(57 ശതമാനം) നോക്കുമ്പോള്‍ ഇതു വളരെ മെച്ചപ്പെട്ട സ്‌കോറാണ്. മെന മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്ന് 3,500 പേരുമായി നേരിട്ട് അഭിമുഖം നടത്തിയാണ് സര്‍വേ തയ്യാറാക്കിയത്. ഗള്‍ഫ് മേഖലയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ സര്‍വേ പ്രചോദനാത്മകമാണെന്ന് ഇതിന് നേതൃത്വം നല്‍കിയ അസ്ദാ ബഴ്‌സണ്‍-മാഴ്‌സ്‌റ്റെല്ലറിന്റെ സിഇഒ സുനില്‍ ജോണ്‍ പറഞ്ഞു. ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നു മാത്രമല്ല സര്‍ക്കാരുകള്‍ തങ്ങള്‍ക്കു വേണ്ടി ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അവര്‍ കരുതുകയും ചെയ്യുന്നു. മേഖലയിലെ മറ്റു ഭാഗങ്ങളുടെ സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈജിപ്ത്, ലബ്്‌നാന്‍, യമന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ മറ്റു രാജ്യങ്ങളേക്കാള്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രകടനം മെച്ചപ്പെടുത്താന്‍ കാരണം അതിന്റെ വിദ്യാഭ്യാസ സംവിധാനമാണ്. തങ്ങളുടെ സ്‌കൂള്‍ സംവിധാനം ഭാവിയിലേക്കു വേണ്ടി ഒരുക്കാന്‍ പര്യാപ്തമല്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത അറബ് വംശജരില്‍ പകുതിയും കരുതുന്നു. മെച്ചപ്പെട്ട ജീവിത സൗകര്യമുള്ള രാജ്യമെന്ന പദവി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഖത്തര്‍ നിലനിര്‍ത്തി. എന്നാല്‍, ജനപ്രിയതയില്‍ യുഎഇ തന്നെയാണ് മുന്നില്‍. യുഎഇയില്‍ ജോലി ചെയ്യുന്നത് മികച്ച അനുഭവമാണെന്ന് അറബ് വംശജരില്‍ ഭൂരിഭാഗവും ചിന്തിക്കുന്നതാണ് ഇതിനു കാരണം. അതേ സമയം, അമേരിക്കയോടുള്ള നിലപാടിന്റെ കാര്യത്തില്‍ അറബ് യുവത ഭൂരിഭാഗവും ഒരേ അഭിപ്രായക്കാരാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുസ്്‌ലിം വിരുദ്ധനാണെന്ന് കാര്യത്തില്‍ 87 ശതമാനം ഖത്തരി യുവാക്കളും യോജിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഭൂരിഭാഗം ഖത്തരികളും അമേരിക്കയെ ശത്രുവായി കണക്കാക്കുന്നു. ഇക്കാര്യത്തില്‍ ഖത്തര്‍ തനിച്ചല്ല. 2016ല്‍ ഇറാഖ്, യമന്‍, ഫലസ്തീന്‍, ലബ്്‌നാന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഭൂരിഭാഗം അമേരിക്കയെ ശത്രുവായി കരുതിയിരുന്നതെങ്കില്‍ ഇത്തവണ ഖത്തറിന് പുറമേ ലിബിയ, അല്‍ജീരിയ, ഈജിപ്ത് എന്നിവയും കൂട്ടത്തില്‍ ചേര്‍ന്നിട്ടുണ്ട്. ആദ്യമായി ഏറ്റവും നല്ല അറബേതര സഖ്യരാജ്യം എന്ന പദവി അമേരിക്കയില്‍ നിന്ന് റഷ്യ കരസ്ഥമാക്കിയതായും സര്‍വേ റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it