Flash News

മെത്രാപോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സംസ്‌കാരം നടത്തി



കോട്ടയം: കോട്ടയം അതിരൂപത പ്രഥമ മെത്രാപോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട കബറടക്ക ശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം അതിരൂപതാ മെത്രാപോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികരായി പങ്കെടുത്തു. തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് സൂസെപാക്യം അനുസ്മരണ സന്ദേശം നല്‍കി. സാമൂഹിക പ്രതിബദ്ധതയോടെ കര്‍മനിരതനായ ആത്മീയാചാര്യനായിരുന്നു അഭിവന്ദ്യ കുന്നശ്ശേരി പിതാവെന്ന് അദ്ദേഹം പറഞ്ഞു. സമാപന ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. അഭിവന്ദ്യപിതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യന്‍ വാണിയംപുരയ്ക്കലും റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപത ചാന്‍സലര്‍ ഫാ. തോമസ് കോട്ടൂരും ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ സന്ദേശം ഫാ. ജോണ്‍ ചേന്നാക്കുഴിയും വായിച്ചു. നഗരി കാണിക്കലിനെ തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തിന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍,  മന്ത്രി മാത്യു ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ,   സുരേഷ് കുറുപ്പ് എംഎല്‍എ, പി സി ജോര്‍ജ് എംഎല്‍എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍ തുടങ്ങി മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ വേര്‍പാടിലുള്ള അനുശോചനമായി അതിരൂപതയില്‍ ഏഴ് ദിവസം ദുഃഖാചരണമായിരിക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.
Next Story

RELATED STORIES

Share it