മെത്രാന്‍ കായല്‍, കടമക്കുടി പാടശേഖരം നികത്തല്‍; വിവാദ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കോട്ടയം കുമരകത്തെ മെത്രാന്‍ കായലും എറണാകുളം കടമക്കുടിയിലെ പാടശേഖരവും നികത്താന്‍ അനുമതിനല്‍കുന്ന വിവാദ ഉത്തരവുകള്‍ മന്ത്രിസഭായോഗം പിന്‍വലിച്ചു. മെത്രാന്‍ കായല്‍ നികത്തി 378 ഏക്കര്‍ ഭൂമിയില്‍ കുമരകം ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കും എറണാകുളം കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ 47 ഏക്കര്‍ നെല്‍വയര്‍ നികത്തി മെഡിസിറ്റി പദ്ധതിക്കും അനുമതി നല്‍കിയ ഉത്തരവുകളാണു പിന്‍വലിച്ചത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു തൊട്ടുമുമ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളും ഹൈക്കോടതിയുടെ സ്‌റ്റേയും കണക്കിലെടുത്താണു മന്ത്രിസഭാ തീരുമാനം. രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നു ഭൂരിഭാഗം അംഗങ്ങളും മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു. ഉത്തരവുകള്‍ റദ്ദാക്കിയ വിവരം ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിക്കും. തിരഞ്ഞെടുപ്പിലേക്കു പോവുന്ന സാഹചര്യത്തില്‍ വിവാദമൊഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും തെറ്റുചെയ്‌തെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഉത്തരവ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എതിരാളികളുടെ കെണിയില്‍ വീഴാതിരിക്കണമെന്ന ഉപദേശമാണ് അദ്ദേഹം നല്‍കിയത്. മെത്രാന്‍ കായല്‍, കടമക്കുടി വിഷയങ്ങളില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ല. ഒരിഞ്ച് ഭൂമിപോലും നികത്താന്‍ സര്‍ക്കാര്‍ ആര്‍ക്കും അനുമതിനല്‍കിയിട്ടില്ല. 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം, പാരിസ്ഥിതികാനുമതി തുടങ്ങിയവ പാലിച്ചുകൊണ്ടുമാത്രമേ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്നാണു സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. നിലവിലെ നിയമങ്ങളില്‍ സര്‍ക്കാര്‍ ഒരു ഇളവും ആര്‍ക്കും നല്‍കിയിട്ടില്ല. എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്നകാര്യം സംശയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it