മെഡിക്കല്‍ കമ്മീഷന്‍: ഐഎംഎ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ഡല്‍ഹിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നു. നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിയ്യതി പിന്നീട് തീരുമാനിക്കും.
പ്രതിഷേധ സംഗമമായ മഹാ പഞ്ചായത്ത് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഐഎംഎ ദേശീയ പ്രസിഡന്റ് രവി വാങ്കഡേക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണിക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ജനാധിപത്യപരമായ പ്രാതിനിധ്യമുണ്ടായിരുന്ന ഭരണനിര്‍വാഹക സമിതിയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ വന്‍ അഴിമതിക്ക് വഴിതെളിയിക്കുമെന്നാണ് ഐഎംഎ പറയുന്നത്. ബ്രിഡ്ജ് കോഴ്‌സ് വഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കാനുള്ള നടപടി രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് വന്‍ തിരിച്ചടിയാവും. മെഡിക്കല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വീണ്ടും ലൈസന്‍സ് പരീക്ഷ നടപ്പാക്കുന്നത് കച്ചവട താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇത്തരം വിവാദ തീരുമാനങ്ങള്‍ ബില്ലില്‍ നിന്നു മാറ്റണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നു.
മെഡിക്കല്‍ കമ്മീഷനില്‍ 40 ശതമാനം സീറ്റില്‍ മാത്രമേ സര്‍ക്കാരിന് നിയന്ത്രണമുണ്ടാവുകയുള്ളൂ. ഇത് 60 ശതമാനത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസം ചെലവേറിയതാക്കുമെന്നും ഐഎംഎ വ്യക്തമാക്കി.
Next Story

RELATED STORIES

Share it