മെഡലണിഞ്ഞ് മില്ല; അഭിനന്ദനങ്ങളുമായി ഡിജിപി

തിരുവനന്തപുരം: അഖിലേന്ത്യ പോലിസ് ഡ്യൂട്ടി മീറ്റില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദിക്കാന്‍ ഡിജിപി എത്തിയപ്പോള്‍ മില്ല വിനയപൂര്‍വം അറ്റ ന്‍ഷനായി. അടുത്തുനിര്‍ത്തി ഡിജിപി കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ അതു സ്വീകരിച്ചു വണങ്ങി. കേരള പോലിസ് ശ്വാനസേനയിലെ അംഗമായ മില്ല ചെന്നൈയില്‍ നടന്ന അഖിലേന്ത്യ പോലിസ് ഡ്യൂട്ടി മീറ്റിലാണ് വെള്ളി മെഡല്‍ നേടിയത്.
ബിഎസ്എഫ്, സിആര്‍പിഎഫ് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ പോലിസ് ശ്വാനസേനയിലെ 35 നായകള്‍ പങ്കെടുത്ത ട്രാക്കര്‍ വിഭാഗം മല്‍സരങ്ങളില്‍ ചെറിയ വ്യത്യാസത്തിലാണ് മില്ലയ്ക്ക് ഗോള്‍ഡ് മെഡല്‍ നഷ്ടമായത്. എങ്കിലും 27 വര്‍ഷത്തിനുശേഷം ശ്വാനസേന വിഭാഗത്തില്‍ കേരളത്തിന് ഒരു മെഡ ല്‍ സമ്മാനിക്കാന്‍ മില്ലയ്ക്കായി. അച്ചടക്കം, അനുസരണ, ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തല്‍, മണം തിരിച്ചറിഞ്ഞു പിടികൂടല്‍ തുടങ്ങി ആറുതരം ശേഷികളാണ് ഈ ഇനത്തില്‍ പരീക്ഷിക്കുന്നത്. ഒന്നൊഴികെ എല്ലാത്തിനും മുഴുവന്‍ മാര്‍ക്കും നേടിയാണ് മില്ല വിജയിച്ചത്.
കൊച്ചി സിറ്റിയിലെ ശ്വാനസേന വിഭാഗത്തിലെ അംഗമാണ് മില്ല. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മോഹന്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍ വിജു നായര്‍ ഇ ആര്‍ എന്നിവര്‍ പരിശീലകരാണ്. പരിശീലനം നല്‍കിയവര്‍ക്കും കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. മല്‍സരവിജയികള്‍ക്കുള്ള കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം കാഷ് അവാര്‍ഡും ഡിജിപി പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it