kozhikode local

മൃതദേഹം റോഡില്‍ ഉപേക്ഷിച്ച സംഭവംഅന്വേഷണം ക്രൈംബ്രാഞ്ചിന്

പി   എസ്   അസൈനാര്‍ മുക്കം: മനുഷ്യന്റെ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം മുക്കം ഗെയ്റ്റും പടി -തൊണ്ടിമ്മല്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. നിലവില്‍ കൊടുവള്ളി സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷിക്കുന്ന കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറും. അഞ്ച് മാസമായി നടക്കുന്ന അന്വേഷണത്തില്‍ ലോക്കല്‍ പോലിസിന് യാതൊരു തുമ്പും ലഭിക്കാത്തതും കൊടുവള്ളി സര്‍ക്കിള്‍ പരിധിയില്‍ കേസുകള്‍ കുമിഞ്ഞ് കൂടുന്നതും കേസ് കൈമാറാന്‍ കാരണമായി. കേസുമായി ബന്ധപ്പെട്ട് പല രീതിയിലും പോലിസ് അന്വേഷണം നടത്തിയങ്കിലും സഹായകരമായ യാതൊരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയമുള്‍പ്പെടെ ഒട്ടേറെ കേസുകള്‍ കൊടുവള്ളി സിഐ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ്. പ്രമാദമായതും ഏറെ ആസൂത്രിതമായി ചെയ്ത കൊലപാതകമായതിനാലും ഫലവത്തായ അന്വേഷണത്തിന് ഒരു മുഴുവന്‍ സമയ ഏജന്‍സി വേണമെന്ന കണ്ടെത്തലാണ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്താന്‍ പ്രധാന കാരണമെന്നറിയുന്നു. ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് പോലിസ് ഏകദേശം ഉറപ്പിച്ചിട്ടുണ്ടങ്കിലും ആരാണ് മരിച്ചതെന്ന് വ്യക്തമാവാത്ത സാഹചര്യത്തില്‍ എങ്ങിനെ അന്വേഷണം മുന്നോട്ട് കൊണ്ടുപോവുമെന്നതാണ് നിലവിലെ അന്വേഷകരെ കുഴക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി തവണ പോലിസ് മറ്റ് സംസ്ഥാനങ്ങളില്‍ പോയെങ്കിലും നിരാശയായിരുന്നു ഫലം. കേരളത്തില്‍ ഏറ്റവുമധികം ഇതര സംസ്ഥാനക്കാരുള്ള  ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പോലിസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി പോയത്. അതിനിടെ വെട്ടിമാറ്റിയ കൈകള്‍ കണ്ടെത്തിയ ചാലിയം കടല്‍ തീരത്ത് നിന്ന് കഴിഞ്ഞ സപ്തംബറില്‍ തലയോട്ടിയും കണ്ടെത്തിയതോടെ അന്വേഷണ സംഘം പ്രതീക്ഷയിലായിരുന്നു. ചാലിയം ലൈറ്റ് ഹൗസിന് സമീപത്ത് നിന്നാണ് തലയോട്ടി ലഭിച്ചത്. ഇതും മുക്കത്ത് നിന്ന് ലഭിച്ച ശരീര ഭാഗവും ചാലിയത്ത് നിന്ന് ലഭിച്ച കൈകളും ഒരാളുടെ തന്നെയെന്ന് പോലിസ് ഉറപ്പിച്ചിട്ടുണ്ട്. പക്ഷെ മരിച്ചത് ആരാണന്ന് ഇനിയും അറിയാത്ത സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ട്‌പോവാന്‍ സാധിക്കില്ല. മനുഷ്യന്റെ തലയും കൈയ്യും വെട്ടിമാറ്റിയ നിലയിലുള്ള മൃതദേഹം ചാക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിച്ച നിലയില്‍  കാരശേരി ഗേറ്റുംപടി തൊണ്ടിമ്മല്‍ റോഡില്‍ നിന്നു കഴിഞ്ഞ ജൂലൈ മാസമാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന്തുടക്കത്തില്‍ ജൂണ്‍ 1 മുതല്‍കാണാതായവരെ പറ്റി നടത്തിയ അന്വേഷണത്തില്‍ കേസന്വേഷണത്തിന് സഹായകമായ യാതൊരു തെളിവും ലഭിച്ചിരുന്നില്ല. മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കിയിട്ടും കാര്യമായ പ്രതികരണങ്ങളും  ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒട്ടുമിക്ക പോലിസ് സ്റ്റേഷനുകളിലുമെത്തി അന്വേഷണ സംഘം കാണാതായവരുടെ കണക്കെടുത്തിട്ടുണ്ട്. എന്നാല്‍ ഈ നീക്കവും ഗുണം ചെയ്തിട്ടില്ല. അഞ്ചോളം മിസ്സിങ് കേസുകള്‍ നോക്കിയങ്കിലും കണ്ടെടുത്ത ശരീരാവശിഷ്ടവുമായി ഇതിന് യാതൊരു ബന്ധവുമില്ലായിരുന്നു.സംഭവ ദിവസത്തേയും സമീപ ദിവസങ്ങളിലേയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തിയങ്കിലും അതും അന്വേഷണത്തിന് സഹായകരമായ രീതിയില്‍ വിജയിച്ചില്ല. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. പോലിസിന്റേയോ സംസ്ഥാന സര്‍ക്കാരിന്റേയോ അടുത്ത് യാതൊരു രേഖകളുമില്ലാത്ത ആയിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയിലും മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലും കഴിയുന്നത്. അത് കൊണ്ട് തന്നെ മലയോര മേഖലയില്‍ ഇത്തരം തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ട് വന്ന് പാര്‍പ്പിച്ചിരിക്കുന്ന ആളുകളില്‍ നിന്നു പോലിസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇത്തരത്തില്‍ സകല മേഖലകളേയും ബന്ധപ്പെടുത്തി പോലിസ് അന്വേഷണം നടത്തുന്നുണ്ടങ്കിലും അന്വേഷണത്തിന് സഹായകരമായയാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടി വി ദൃശ്യങ്ങള്‍ പരിശോധിച്ചങ്കിലും പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it