ernakulam local

മൂവാറ്റുപുഴയില്‍ ശുചിമുറി മാലിന്യമടക്കം തള്ളുന്ന നാലു വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു പൂട്ടി



മൂവാറ്റുപുഴ: നഗരത്തിലെ കാനകളിലേക്കു ശുചിമുറി മാലിന്യമടക്കം തള്ളുന്ന നാലു വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭാ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. ഇന്നലെ രാവിലെയാണ് ചെയര്‍പേഴ്‌സന്‍ ഉഷാ ശശിധരന്റെ നേതൃത്വത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരും സെക്രട്ടറിയും ചേര്‍ന്നു പരിശോധനകള്‍ ആരംഭിച്ചത്. വാഴപ്പിള്ളി മുതല്‍ വെള്ളൂര്‍കുന്നം വരെയുള്ള ഭാഗത്തായിരുന്നു പരിശോധന. കാനകള്‍ മൂടിയിട്ടുള്ള സ്ലാബുകള്‍ തുറന്നുള്ള പരിശോധനയിലാണ് നാലു വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള ശുചിമുറി മാലിന്യമടക്കം തള്ളുന്ന രഹസ്യ കുഴലുകള്‍ കാനയിലേക്കു നേരിട്ടു സ്ഥാപിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇവ അടച്ചുപൂട്ടാന്‍ ഉടന്‍ തന്നെ ചെയര്‍പേഴ്‌സന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.രാവിലെ നഗരസഭയിലെ ജീവനക്കാര്‍ കൂടാതെ പുറത്തു നിന്നുള്ള തൊഴിലാളികളുമായാണ് ചെയര്‍പേഴ്‌സനും സംഘവും പരിശോധനയ്ക്കിറങ്ങിയത്. നഗരത്തിനു സമീപമുള്ള പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെതിരേയുള്ള മുന്‍കരുതലെടുക്കാനും മൂവാറ്റുപുഴയാറിലേക്കുള്ള മാലിന്യമൊഴുക്കു തടയാനും ലക്ഷ്യമിട്ടായിരുന്നു പരിശോധന. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്നു ചെയര്‍പേഴ്‌സന്‍ പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴസന്‍ രാജി ദിലീപ്, സി എം സീതി, പി പ്രേംചന്ദ്, ബിന്ദു സുരേഷ്, പി പി നിഷ, സിന്ധു ഷൈജു, പി വി നൂറുദ്ദീന്‍, പി എസ് വിജയകുമാര്‍, പ്രമീളാ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it