മൂന്ന് മന്ത്രിമാര്‍ വീഴ്ചവരുത്തിയെന്ന് വി ഡി സതീശന്‍ എംഎല്‍എ

തിരുവനന്തപുരം: കേരളത്തെ പ്രളയദുരന്തത്തിലേക്ക് തള്ളിവിട്ടതില്‍ മൂന്ന് മന്ത്രിമാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് വി ഡി സതീശന്‍ എംഎല്‍എ. ജലവിഭവ മന്ത്രി മാത്യു ടി തോമസും വൈദ്യുതി മന്ത്രി എം എം മണിയും ദുരന്തനിവാരണ ചുമതല കൂടിയുള്ള റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബിന്റെ പ്രളയാനന്തര കേരളം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സതീശന്‍. വര്‍ഷങ്ങളായി തമിഴ്‌നാടിന് വേണ്ടി വാദിക്കുന്ന കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ റിപോര്‍ട്ടിനെയാണ് ഡാമുകളുടെ കാര്യത്തില്‍ സംസ്ഥാനം ആശ്രയിക്കുന്നത്. വെള്ളപ്പൊക്കത്തിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ പല നദികളും വരണ്ടുതുടങ്ങി. ഇനിയും ഒരു ദുരന്തം ഉണ്ടാവുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പെട്ടെന്നുള്ള ഈ പരിസ്ഥിതി മാറ്റത്തെക്കുറിച്ച് വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണം. വരള്‍ച്ചയെ നേരിടാന്‍ കൃത്യമായ മുന്നൊരുക്കം വേണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം സ്തുതിപാടലല്ല പ്രതിപക്ഷത്തിന്റെ കടമ. വിമര്‍ശനത്തിന് അതീതരാണ് തങ്ങളെന്ന ധാര്‍ഷ്ട്യം മന്ത്രിമാര്‍ ഉപേക്ഷിക്കണം. പശ്ചിമഘട്ട സംരക്ഷണത്തിനും സാമൂഹിക സാമ്പത്തിക സുസ്ഥിരതയ്ക്കും പ്രാധാന്യം നല്‍കിയുള്ള നവകേരള സൃഷ്ടിയാണ് വേണ്ടത്. ഇനി ഒരു പ്രളയം അടിച്ചേല്‍പ്പിക്കരുത്. പ്രളയ ദുരന്തത്തിന് ശേഷം ഭക്ഷണക്കിറ്റ് വിതരണവും പ്രാരംഭ സഹായമായ 10,000 രൂപയുടെ വിതരണവും മാത്രമാണ് ആകെ നടക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പാണ് ഏറ്റവും പ്രധാനം. ഇതിന് ഫലപ്രദമായ ഒരു നടപടിയുമില്ല. സിപിഎം നടത്തുന്ന സര്‍വേ ആള്‍ക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് കണക്കെടുപ്പ് ദുര്‍ബലപ്പെടുത്തും. ക്യാംപുകളില്‍ കഴിയുന്നവര്‍ക്കുള്ള ഇടക്കാല അഭയകേന്ദ്രം തുറക്കാന്‍ തീരുമാനമെടുക്കണം. പശുക്കള്‍ നഷ്ടമായവര്‍ക്കുള്ള നഷ്ടപരിഹാരം 30,000ത്തില്‍ നിന്ന് 50,000 ആക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അതേസമയം, പ്രളയ ദുരന്തത്തിനിരയായവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ 10,000 രൂപ ഇതുവരെ നല്‍കിയത് 5,27,973 കുടുംബങ്ങള്‍ക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്. 1,52,228 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിച്ചത്. സംസ്ഥാനത്താകെ 6,10,802 കുടുംബങ്ങള്‍ക്കാണ് 10,000 രൂപയുടെ ധനസഹായം ലഭിക്കുക. തിരുവനന്തപുരത്ത് 2,683, കൊല്ലത്ത് 4,306, പത്തനംതിട്ടയില്‍ 40,186, ആലപ്പുഴയില്‍ 1,07957, കോട്ടയത്ത് 56,126, ഇടുക്കിയില്‍ 3,229, എറണാകുളത്ത് 1,52,228, തൃശൂരില്‍ 98,502, പാലക്കാട് 7,330, മലപ്പുറത്ത് 32,329, കോഴിക്കോട് 16,327, വയനാട് 6,619, കണ്ണൂര്‍ 151 കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിച്ചത്. എറണാകുളത്ത് 1,68,298, ആലപ്പുഴയില്‍ 1,22,058, തൃശൂരില്‍ 1,17,035, പത്തനംതിട്ടയില്‍ 45,282 കുടുംബങ്ങളാണ് ലിസ്റ്റിലുള്ളത്. നിലവില്‍ സംസ്ഥാനത്ത് 109 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്.



Next Story

RELATED STORIES

Share it