malappuram local

മൂന്ന് പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം മുടങ്ങി

എടപ്പാള്‍: ഡാനിഡ കുടിവെള്ള പദ്ധതിയിലെ ജലസംഭരണിയില്‍ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് തകര്‍ന്ന് മൂന്ന് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം മുടങ്ങി. ശനിയാഴ്ച ഉച്ചയോടെയാണു തൃക്കണാപുരത്ത് റോഡോരികില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ജലവിതരണ പൈപ്പ് തകര്‍ന്നത്.  അഴുക്കുചാലുകളുടെ പുനര്‍ നിര്‍മാണ ജോലികള്‍ക്കിടെയാണ്  കുടിവെള്ള പൈപ്പ് തകര്‍ന്നത്.
നേരത്തെ കണ്ടയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള അമിത ഭാരം കയറ്റിപ്പോകുന്ന ലോറികള്‍ ഈ പൈപ്പുകള്‍ സ്ഥാപിച്ചതിനു മുകളിലൂടെ ഇടതടവില്ലാതെ പോയതും പൈപ്പുകളുടെ തകര്‍ച്ചക്കു കാരണമായതായി ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. അഴുക്കുചാലുകളുടെ നിര്‍മാണം തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
മണിക്കൂറുകളോളം കുടിവള്ളം റോഡില്‍ പരന്നൊഴുകി.എടപ്പാള്‍, ആലങ്കോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം മുടങ്ങിയത്. ഇതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഏക ആശ്വാസമായിരുന്ന ഡാനിഡ പദ്ധതിയുടെ കുടിവെള്ളവും നിലച്ചത് ആളുകളെ ഏറെ പ്രയാസപ്പെടുത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it