Idukki local

മൂന്ന് ഡോക്ടര്‍മാരെത്തിയില്ല; വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ രോഗികള്‍ വലഞ്ഞു

വണ്ടിപ്പെരിയാര്‍: ഡോക്ടര്‍മാര്‍ എത്താഞ്ഞതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തിലായി.വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികള്‍ ദുരിതത്തിലായത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു ഡോക്ടര്‍മാരാണുള്ളത്. ഇതിനു പുറമെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒരു ഡോക്ടറുടെ സേവനവുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ മാത്രമെ ആശുപത്രിയില്‍ ഉണ്ടായിരുന്നുള്ളൂ. രാവിലെ മുതല്‍ ഉച്ചവരെ 200 രോഗികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്.
മണിക്കൂറുകള്‍ കാത്തുനിന്നതിനു ശേഷമാണ് ഇവര്‍ക്ക് ഡോക്ടറെ കാണാന്‍ കഴിഞ്ഞത്. ഡോക്ടറെ കാണാന്‍ താമസം വന്നതോടെ ചില രോഗികള്‍ ആശുപത്രി വരാന്തയില്‍ കിടക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. ഒരു ഡോക്ടര്‍ അവധിയിലായിരുന്നു. മെഡിക്കല്‍ ഓഫിസര്‍ കോണ്‍ഫറന്‍സിനു പോയിരിക്കുകയായിരുന്നു.
മറ്റൊരു ഡോക്ടര്‍ പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്ക് കുത്തിവെയ്പ്പ് എടുക്കുന്ന ഡ്യൂട്ടിയില്‍ ആയിരുന്നു എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തോട്ടം മേഖലയില്‍പ്പെട്ട സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് ഈ ആതുരാലയം. മാസങ്ങള്‍ക്ക് മുന്‍പ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്തതിന്റെ ഫലമായാണ് ഇവിടെ ഡോക്ടര്‍മാരെ നിയമിച്ചത്.
Next Story

RELATED STORIES

Share it