മൂന്നു റെയില്‍വേ സ്റ്റേഷനുകള്‍ ഇന്ന് മുതല്‍ വനിതകള്‍ നിയന്ത്രിക്കും

ഹൈദരാബാദ്: ദക്ഷിണ മധ്യ റെയില്‍വേ (എസ്‌സിആര്‍)യുടെ കീഴിലുള്ള മൂന്നു റെയില്‍വേ സ്റ്റേഷനുകളുടെ മുഴുവന്‍ നടത്തിപ്പും അന്താരാഷ്ട്ര വനിതാദിനമായ ഇന്നു മുതല്‍ സ്ത്രീജീവനക്കാരില്‍ നിക്ഷിപ്തമായിരിക്കും. ഗുണ്ടക്കല്‍ ഡിവിഷനിലെ ചന്ദ്രഗിരി, സെക്കന്തരാബാദ് ഡിവിഷനിലെ ബീഗംപേട്ട്, ഗുണ്ടൂര്‍ ഡിവിഷനിലെ ഫിറംഗിപുരം എന്നീ സ്റ്റേഷനുകളായിരിക്കും സ്ത്രീകളുടെ നിയന്ത്രണത്തിലാവുക.
റെയില്‍വേ സ്ത്രീജീവനക്കാരെ ശാക്തീകരിക്കുന്നതിനും അവരുടെ മനോവീര്യവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിനുമാണു നടപടിയെന്ന് എസ്‌സിആര്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഉമാശങ്കര്‍ കുമാര്‍ അറിയിച്ചു. മൂന്നു സ്റ്റേഷനുകളിലും എല്ലാ ദൈനംദിന പ്രവൃത്തികളും കൈകാര്യം ചെയ്യുക സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബീഗംപേട്ട് റെയില്‍വേ സ്റ്റേഷനില്‍ എട്ടു കമേഴ്‌സ്യല്‍ വനിതാ ക്ലാര്‍ക്കുമാര്‍, നാല് എന്‍ക്വയറി കം റിസര്‍വേഷന്‍ വനിതാ ക്ലാര്‍ക്കുമാര്‍, ആറു വനിതാ പോലിസുകാര്‍, ഒരു വനിതാ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ നിയമിക്കാന്‍ എസ്‌സിആറിന് പദ്ധതിയുണ്ട്. ഫിറംഗിപുരത്ത് 11 വനിതാ ജീവനക്കാരെയും നിയമിക്കുമെന്നും കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it