Flash News

മൂന്നാറില്‍ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു : പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചുനീക്കി



തൊടുപുഴ/തിരുവനന്തപുരം:  മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി തുടങ്ങി. സൂര്യനെല്ലി, പാപ്പാത്തിച്ചോല എന്നിവിടങ്ങളിലെ കൈയേറ്റങ്ങളാണ് ദേവികുളം അഡീഷനല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള വന്‍ സംഘം ഇന്നലെ ഒഴിപ്പിച്ചത്. വഴിയിലുടനീളം ഇവരെ തടയാനുള്ള ശ്രമങ്ങള്‍ നടന്നു. മാര്‍ഗതടസ്സമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. അവ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു മാറ്റിയശേഷമാണ് സംഘം മുന്നോട്ടുനീങ്ങിയത്. സര്‍ക്കാര്‍ഭൂമി കൈയേറിയതിന് വെള്ളൂക്കുന്നേല്‍ ടോമി സഖറിയ, ഒഴിപ്പിക്കല്‍ സംഘത്തെ തടയാന്‍ ശ്രമിച്ച മാരുതി വാന്‍ ഉടമ എന്നിവര്‍ക്കെതിരേ ശാന്തന്‍പാറ പോലിസ് കേസെടുത്തു.  സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എക്‌സ്‌കവേറ്റര്‍ അടക്കമുള്ള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റഭൂമിയില്‍ എത്തിയത്. വന്‍ പോലിസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും എക്‌സ്‌കവേറ്ററും ഉപയോഗിച്ചാണ് പൊളിച്ചുനീക്കിയത്. ഭീമന്‍ കുരിശ് റവന്യൂ സംഘം പൂര്‍ണമായും പൊളിച്ചുമാറ്റി. ഇവിടെയുണ്ടായിരുന്ന താല്‍ക്കാലിക ഷെഡുകള്‍ ഭൂസംരക്ഷണ സേന കത്തിച്ചുകളഞ്ഞു. ഇതിനിടെ, വഴിയില്‍ തടസ്സവുമായി എത്തിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.നേരത്തേ രണ്ടുതവണയും ഇവിടെ ഒഴിപ്പിക്കാനെത്തിയ റവന്യൂ ജീവനക്കാരെ ഒരുവിഭാഗം തടഞ്ഞിരുന്നു. ആത്മീയകച്ചവടത്തിന്റെ പേരില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കൈയേറിയിരുന്നത്. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. കുരിശില്‍ നോട്ടീസ് പതിച്ചതിന്റെ പേരില്‍ ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ക്ക് വെള്ളൂക്കുന്നേല്‍ ടോമി സഖറിയ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയില്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത്. ഈ കൈയേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപോര്‍ട്ട് നല്‍കിയിരുന്നു.സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും റവന്യൂ വകുപ്പിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.അതേസമയം, മൂന്നാറില്‍ കുരിശു പൊളിച്ചശേഷം മുഖ്യമന്ത്രി നടത്തുന്ന ധാര്‍മികരോഷം  കാപട്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി താനറിഞ്ഞില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്.  കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അതുവഴി ഉണ്ടാവുന്ന ജനരോഷത്തിന്റെ മറവില്‍ വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കാനാണ്  ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it