മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും

തിരുവനന്തപുരം: മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൈബ്യൂണലില്‍ നിലവിലുള്ള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും. 2011ലാണ് മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, ട്രൈബ്യൂണല്‍ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം കുറവാണെന്ന ന്യായത്തിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
ഹൈക്കോടതി രജിസ്ട്രാറുടെ റിപോര്‍ട്ട് പ്രകാരം 42 കേസുകളാണ് ഇതുവരെ തീര്‍പ്പാക്കിയത്. ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന രീതിയിലല്ല ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ട്രൈബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റിയും നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.
അതേസമയം, മൂന്നാറിലെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിര്‍ണായകമാവുന്നതാണ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും തീര്‍പ്പാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ട്രൈബ്യൂണലിന്റെ എല്ലാ വിധികളിലും വിജയം സര്‍ക്കാരിനായിരുന്നു.
വ്യാജ പട്ടയങ്ങള്‍ യഥേഷ്ടമുണ്ടെന്നു സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിട്ടുള്ള മൂന്നാറില്‍ ഈ പട്ടയങ്ങളുടെ സാധുത സംബന്ധിച്ച കേസുകളാണ് ട്രൈബ്യൂണല്‍ കൂടുതലും പരിഗണിച്ചത്. ജില്ലയിലെ കൈയേറ്റ ലോബി ട്രൈബ്യൂണലിനെതിരേ പരസ്യമായ നിലപാടെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നത് വലിയ വിവാദത്തിന് വഴിവച്ചേക്കും.
Next Story

RELATED STORIES

Share it