Flash News

മൂന്നാര്‍ കൈയേറ്റം: ചര്‍ച്ചഅവസാന പ്രതീക്ഷ - പരിസ്ഥിതി പ്രവര്‍ത്തകര്‍



തിരുവനന്തപുരം: മൂന്നാറിലും ഇടുക്കിയിലെ മറ്റിടങ്ങളിലുമായി നടക്കുന്ന കൈയേറ്റം ഒഴിപ്പിക്കാനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള അവസാന പ്രതീക്ഷയാണ് ഇന്നലത്തെ യോഗമെന്നും ഇനി ഇതുപോലൊരു അവസരം ലഭിക്കില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പശ്ചിമഘട്ടം നിലനില്‍ക്കണം. ആര്‍ക്കും കൈയേറി കെട്ടിടം നിര്‍മിക്കാനുള്ള ഇടമല്ല ജലപ്രഭവ കേന്ദ്രമായ പശ്ചിമഘട്ടം. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് വ്യക്തവും ശക്തവുമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. കൈയേറ്റം നടന്ന തര്‍ക്കഭൂമി വനം നിയമത്തിന് കീഴില്‍ കൊണ്ടുവരണം. റവന്യൂ നിയമങ്ങള്‍ ദുര്‍ബലമാണ്. അതാണ് കൈയേറ്റത്തിനിടയാക്കുന്നത്. രാഷ്ട്രീയക്കാരുടെയും മതശക്തികളുടെയും പിന്തുണയോടെ നടന്ന എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണം. ഏലമലക്കാട് വനഭൂമിയാണ്. അതൊന്നും ആര്‍ക്കും പതിച്ചുകൊടുക്കരുത്. 10സെന്റില്‍ താഴെയുള്ളവര്‍ക്ക് പട്ടയം നല്‍കണം. ഇതിനായി പ്രത്യേക കര്‍മപദ്ധതിയുണ്ടാക്കി അര്‍ഹരെ കണ്ടെത്തണം. വന്‍കിട കൈയേറ്റക്കാര്‍ക്ക് പട്ടയം ലഭിക്കുന്ന അവസ്ഥയുണ്ടാവരുത്. കൈയേറ്റ ഭൂമിയില്‍ പ്രത്യേകിച്ച് പരിസ്ഥിതി ലോല പ്രദേശത്ത് നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടത് പൊളിച്ചു നീക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിച്ചു. സുഗതകുമാരി, ഉമ്മന്‍ വി ഉമ്മന്‍, വി എസ് വിജയന്‍, ജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍, പ്രഫ. എം കെ പ്രസാദ്, പ്രഫ. ഇ കുഞ്ഞികൃഷ്ണന്‍, പ്രഫ. ഇന്ദിരാദേവി, ഗംഗാധരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it