malappuram local

മൂത്തേടം നിര്‍മല്‍ ഭവനിലെ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

എടക്കര: മൂത്തേടം നിര്‍മല്‍ ഭവനില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഉപ്പട സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഉപ്പട കുഴിക്കാടന്‍ ജംഷീര്‍ എന്ന കുഞ്ഞാണി(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫാ. രാജു തോട്ടത്തില്‍ മൂത്തേടത്ത് നടത്തുന്ന അഗതി- അനാഥമന്ദിരത്തില്‍ ഇയാള്‍ മോഷണം നടത്തിയത്. നിര്‍മല്‍ ഭവന്റെ ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന കാമറയും, മൊബൈല്‍ ഫോണുമാണ് പ്രതി കവര്‍ന്നത്.
കഴിഞ്ഞ പത്താം തിയ്യതി ജംഷീര്‍ നിര്‍മല്‍ ഭവനന്‍ സന്ദര്‍ശിക്കുകയും അന്തേവാസികളുമായി കൂട്ടുചേരുകയും ചെറിയ ജോലികള്‍ ചെയ്ത് സഹായിയായി നില്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പകല്‍ ഫാ. രാജു തോട്ടത്തില്‍ അന്തേവാസികളായ കുട്ടികളുടെ അടുത്തുപോയി ഓഫിസില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രതി മുങ്ങുകയും ചെയ്തിരുന്നു. ഉപ്പട സ്വദേശിയാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഫാദര്‍ എടക്കര പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് അനേ്വഷണം നടത്തിവരുന്നതിനിടെ ഇന്നലെ എടക്കര പയഴ ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് പ്രതിയെ എസ്‌ഐ സുനില്‍ തോമസും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടിയ സമയം നിര്‍മല്‍ ഭവനില്‍ നിന്നു മോഷ്ടിച്ച കാമറ ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ മോഷ്ടിച്ച മൊൈബല്‍ ഫോണ്‍ വീട്ടിലുണ്ടെന്ന് പ്രതി മൊഴി നല്‍കി.
തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ ജംഷീറിന്റെ വീട്ടിലെ അലമാരയില്‍ നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പോത്തുകല്‍, എടക്കര പോലിസ് സ്റ്റേഷനുകളില്‍ അടിപിടി കേസുകളിലെ പ്രതിയാണ് ജംഷീര്‍. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ എം അസൈനാര്‍, സീനിയര്‍ സിപിഒ അനില്‍കുമാര്‍, സിപിഒ സി എം മുജിബ്, ജഗദീശ്, ശ്രീജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it