Middlepiece

മൂഡീസ് മുതല്‍ അരുണ്‍ ഷൂരി വരെ

മൂഡീസ് മുതല്‍ അരുണ്‍ ഷൂരി വരെ
X
slug--indraprasthamമോദിയും മൂഡീസും തമ്മില്‍ പേരില്‍ അല്‍പം സാമ്യമുണ്ടെങ്കിലും, കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. മോദി ചായക്കച്ചവടക്കാരനില്‍ നിന്നു പ്രധാനമന്ത്രിപദത്തിലെത്തിയ ആള്‍. നാക്കിനു നീളം നാല്‍പത്താറിഞ്ച്. നെഞ്ചളവ് അമ്പത്താറിഞ്ച്. ദിനംപ്രതി അഞ്ചു നേരം ഉടുപ്പു മാറും. ആഗോളകാര്യങ്ങളില്‍ വലിയ ശ്രദ്ധയാണ്. എന്നാല്‍, തന്റെ സ്വന്തം മൂക്കിനു താഴെ ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍ രണ്ടു വയസ്സുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്നാല്‍ കക്ഷി അറിഞ്ഞെന്നുവരില്ല.
കുറ്റം പറയരുതല്ലോ, ഈ സ്വഭാവം മോദിക്കു മാത്രമുള്ളതല്ല. മോദിയുടെ കീഴില്‍ ഡല്‍ഹി പോലിസിനും ഇതേ ഗുണം തന്നെയാണ്. കൊള്ളയും കൊലയുമൊന്നും അവര്‍ അങ്ങനെ അറിയാറില്ല; അഥവാ അറിഞ്ഞാലും കാര്യമാക്കാറില്ല. നിരീക്ഷകന്‍ പണ്ടു പണിയെടുത്തിരുന്ന ഐഎന്‍എസ് കെട്ടിടത്തില്‍ സ്ഥിരമായി ജോലിക്കു വന്നിരുന്ന ഒരു മലയാളി കൊറിയര്‍ സര്‍വീസ് ജീവനക്കാരനുണ്ടായിരുന്നു. നഗരമധ്യത്തിലെ ഗുണ്ടകള്‍ പിരിവു ചോദിച്ചു. കൊടുത്തില്ല. കൊണാട്ട് പ്ലേസിന്റെ നടുമധ്യത്തിലിട്ടാണ് അങ്ങേരെ അടിച്ചുകൊന്നത്. ഒരു പോലിസ് ഏമാനും അനങ്ങിയില്ല. എന്നാലോ, കേരള ഹൗസില്‍ ബീഫ് കറി കിട്ടുമെന്ന് ആരോ വിളിച്ചുപറഞ്ഞു. മൂന്നു ലോഡ് പോലിസാണ് ലാത്തിയും തോക്കുമായി പാഞ്ഞുവന്നത്. അതാണ് ക്രമസമാധാനപാലന ചുമതലയുടെ സ്ഥിതി.
പറഞ്ഞുവന്നത് മൂഡീസിന്റെ കാര്യമാണ്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയാണ് മൂഡീസ്. ഓരോ നാട്ടിലെയും നിക്ഷേപാന്തരീക്ഷം വിലയിരുത്തി മാര്‍ക്കിടുന്ന പണിയാണ് അവരുടേത്. അന്താരാഷ്ട്ര ബാങ്കുകളും ഫിനാന്‍സ് കമ്പനികളും അവര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ട ശേഷമേ തങ്ങളുടെ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാറുള്ളൂ. അവര്‍ മോദിയോട് പറഞ്ഞത്, പശുവിന്റെ പേരും പറഞ്ഞ് നാടു കുട്ടിച്ചോറാക്കാന്‍ അനുയായികളെ കയറൂരിവിട്ടാല്‍ ലോകം മോദിയെ കൈവിടും എന്നുതന്നെയാണ്. മോദി പാഞ്ഞുനടന്ന് നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതു വാസ്തവം. പക്ഷേ, അതുകൊണ്ട് കാര്യമായ നേട്ടമൊന്നും ഇതുവരെ നാടിന് ഉണ്ടായിട്ടില്ല. ഇനി അതിനുള്ള സാധ്യതയും കമ്മിയായി വരുകയാണ്. കാരണമെന്തെന്നു മൂഡീസ് നേരെച്ചൊവ്വേ പറഞ്ഞു. മൊത്തം അലമ്പായി നില്‍ക്കുന്ന ഏതെങ്കിലും നാട്ടില്‍ തങ്ങളുടെ പണം നിക്ഷേപിക്കാന്‍ തലയ്ക്കു വെളിവുള്ള ആരും തയ്യാറാവുകയില്ല.
മോദി എന്തു ചെയ്യും? മൂഡീസിനു പറയാം; പക്ഷേ, നാഗ്പൂരിലെ കുറുവടിസംഘമാണ് ഇപ്പോഴത്തെ പശുഭ്രാന്തിനു പിന്നിലെന്ന് അവര്‍ക്ക് അറിയില്ലല്ലോ. മോദിക്ക് അറിയുകയും ചെയ്യും. അതിനാല്‍, പുള്ളിക്കാരന്‍ മിണ്ടാതെ കുത്തിയിരിക്കുകയാണ്. നാഗ്പൂരിലെ കാക്കി നിക്കര്‍ ടീമിനോട് കളിച്ചാല്‍ കാര്യം കുഴപ്പമാവുമെന്ന് മോദിക്കും അറിയാം.
അതിനാല്‍, മറ്റു വേലത്തരങ്ങളാണ് ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. അതിലൊന്ന് സോണിയാമ്മയെ കുറ്റം പറയുന്ന പണിയാണ്. താന്‍ ബിഹാരിയല്ല ബാഹരിയാണെങ്കില്‍ സോണിയാമ്മ ആര് എന്നാണ് മോദിയാശാന്‍ നിതീഷിനോട് ചോദിച്ചിരിക്കുന്നത്. സോണിയാമ്മ മോദിയുടെ നാടും കുലവും ഒന്നും തിരക്കിയിട്ടില്ല. അവര്‍ കക്ഷിയുടെ ഭരണപരാജയത്തെക്കുറിച്ചു മാത്രമേ പറയുകയുണ്ടായുള്ളൂ. അപ്പോള്‍ എന്തിനാണ് സോണിയാമ്മയെ ഇന്ത്യക്കാരിയല്ല എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്? ഈ കച്ചവടം പണ്ട് പശുവാദിപ്പാര്‍ട്ടി നടത്തിയതാണ്- 2004ല്‍. അന്നു നാടാകെ തോറ്റു തുന്നംപാടി.
മൂഡീസ് മാത്രമല്ല മോദിയോട് കാര്യങ്ങള്‍ തുറന്നുപറയുന്നത്. പശുവാദിപ്പാര്‍ട്ടിയിലെ പടക്കുതിരയായിരുന്ന അരുണ്‍ ഷൂരി പോലും അത് ചൂണ്ടിക്കാട്ടുന്നു. ഇത്ര ദയനീയമായ ഭരണം അടുത്തൊന്നും ഈ നാട് കണ്ടിട്ടില്ല എന്നാണ് മുന്‍ പത്രാധിപര്‍ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത്. അങ്ങേര് ഒരുകാലത്ത് മോദിയുടെ തികഞ്ഞ പിന്തുണക്കാരനായിരുന്നു. ഇപ്പോള്‍ പറയുന്നത് മന്‍മോഹന്റെ കാലമായിരുന്നു ഇതിലും ഭേദമെന്നാണ്. മോദി മന്ത്രിസഭയില്‍ പണി കിട്ടാത്തതുകൊണ്ടുള്ള കെറുവുകൊണ്ടാണെന്ന് വെങ്കയ്യ.
വെങ്കയ്യയെപ്പോലുള്ള കക്ഷികള്‍ക്കു പോലും മന്ത്രിസഭയില്‍ പണിയുണ്ടെങ്കില്‍ എന്തുകൊണ്ട് ഷൂരി അയോഗ്യനായി എന്നു മോദിയും വെങ്കയ്യയും പറയുന്നില്ല. കാരണം ലളിതം: ഷൂരി ബുദ്ധിമാനാണ്, കഴിവുള്ളയാളാണ്. പക്ഷേ, കാലു നക്കുന്ന ശീലം അത്ര പതിവില്ല. അതു മോദിഭരണത്തില്‍ വലിയൊരു അയോഗ്യത തന്നെയെന്നു തീര്‍ച്ച.
Next Story

RELATED STORIES

Share it