മുസ്‌ലിംലീഗ് 44 രാഷ്ട്രീയ കൊലകള്‍ നടത്തിയെന്ന് കെ ടി ജലീല്‍; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മുസ്‌ലിംലീഗ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയെന്ന മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയെ തുടര്‍ന്ന് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. മുസ്‌ലിംലീഗ് 44 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ജലീലിന്റെ പരാമര്‍ശമാണ് ലീഗ് അംഗങ്ങളെ പ്രകോപിതരാക്കിയത്.ധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിപ്രസംഗത്തിനിടെയാണ് ജലീല്‍ മുസ്‌ലിംലീഗിനെതിരേ ആരോപണമുന്നയിച്ചത്.
എന്‍ ഷംസുദ്ദീന്റെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒരു വീട്ടിലെ രണ്ട് സഹോദരന്‍മാരെ ലീഗുകാര്‍ കൊന്നുവെന്ന ആരോപണത്തോടെയാണ് മന്ത്രി തുടങ്ങിയത്. ഉടന്‍തന്നെ ഷംസുദ്ദീന്‍ ഇടപെട്ടു. സഭയില്‍ ഇന്ന് ചര്‍ച്ചചെയ്തതുമായി ബന്ധമില്ലാത്ത വിഷയം ഉയര്‍ത്തി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള മന്ത്രിയുടെ നടപടി ശരിയല്ലെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. എന്നാല്‍ മന്ത്രി വീണ്ടും ചില പേരുകള്‍ ഉദ്ധരിച്ച് ഇതെല്ലാം ലീഗുകാര്‍ കൊന്നതാണെന്ന് ആവര്‍ത്തിച്ചു. ഇതോടെ ലീഗ് എംഎല്‍എമാര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. എന്നാല്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും കൊല്ലപ്പെട്ടവരുടെ പേരുകള്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ തന്നെ അനുവദിക്കണമെന്നും ജലീല്‍ ചെയറിനോട് ആവശ്യപ്പെട്ടു.
ഇതോടെ പ്രതിപക്ഷത്തെ മുഴുവന്‍ അംഗങ്ങളും പ്രതിഷേധ ശബ്ദവുമായി എഴുന്നേറ്റു. ഇതിനിടെ മുസ്‌ലിംലീഗ് അംഗങ്ങള്‍ പോയിന്റ് ഓഫ് ഓര്‍ഡറിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് പ്രസംഗം തുടരാനാവാത്ത സാഹചര്യമുണ്ടായി. നാദാപുരത്തേത് അടക്കമുള്ള സംഘര്‍ഷങ്ങളില്‍ സിപിഎമ്മിനെതിരേ തനിക്കൊപ്പം പ്രസംഗിച്ചു നടന്നയാളാണല്ലോ ജലീലെന്നും ഇപ്പോള്‍ മുസ്‌ലിം ലീഗിനെതിരേ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുന്നത് എന്തിനാണെന്നും ഡോ. എം കെ മുനീര്‍ ചോദിച്ചു. മന്ത്രിയുടെ ആരോപണം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Next Story

RELATED STORIES

Share it