മുസ്‌ലിംലീഗിന്റെ കേരളയാത്രയ്ക്കു തുടക്കം

മഞ്ചേശ്വരം: സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ തുടക്കമായി. ഇന്നലെ വൈകീട്ട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹരിതപതാക ജാഥാ ലീഡര്‍ക്കു കൈമാറി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 11ന് തിരുവനന്തപുരം ശംഖുമുഖത്ത് ജാഥ സമാപിക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഇ അഹമ്മദ്, സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദ്, മന്ത്രിമാരായ മഞ്ഞളാംകുഴി അലി, വി കെ ഇബ്രാഹീം കുഞ്ഞ്, പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍, എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എ പി അബ്ദുല്‍വഹാബ്, എംഎല്‍എമാരായ കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, അഡ്വ. കെ എന്‍ എ ഖാദര്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ടി എ അഹമ്മദ് കബീര്‍, വി മോയിന്‍ കുട്ടി, അഡ്വ. എം ഉമ്മര്‍, എം പി അബ്ദുസ്സമദ് സമദാനി, സി മമ്മുട്ടി, പി ബി അബ്ദുര്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയമാണ് ബാര്‍കോഴ ആരോപണത്തിനു പിന്നിലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐഎസിനെയും ഫാഷിസത്തെയും ഒരേപോലെ എതിര്‍ക്കേണ്ടതാണ്. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം പടരാതിരിക്കാന്‍ കാരണം മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനമാണ്.
കേരളത്തില്‍ കഴിഞ്ഞ തവണ ലീഗിന് 20 സീറ്റാണു ലഭിച്ചത്. നഷ്ടപ്പെട്ട നാല് സീറ്റുകള്‍ കൂടി ഇത്തവണ തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരും. വല്ലാര്‍പാടം ടെര്‍മിനല്‍സ്, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി എന്നിവ യുഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it