മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനം നടപ്പാക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവന്‍ തൊഴില്‍ മേഖലയിലും കുറഞ്ഞ വേതനം നടപ്പിലാക്കുമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. തൊഴില്‍ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുതുതായി 80 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നടപ്പിലാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
നേരത്തെ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വകാര്യ ആശുപത്രികളിലേത് ഉള്‍പ്പെടെ അഞ്ച് മേഖലകളില്‍ അടിസ്ഥാന വേതനം നടപ്പിലാക്കുന്നത് സംബന്ധിച്ച വിജ്ഞാപന നടപടികള്‍ കോടതിയുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുന്നുണ്ട്. സമയബന്ധിതമായി ഇത് പൂര്‍ത്തീകരിക്കും. തുടര്‍ന്ന് മുഴുവന്‍ തൊഴില്‍ മേഖലകളിലേക്കും അടിസ്ഥാന വേതനം നടപ്പിലാക്കുന്നതിന് മിനിമം വേജസ് അഡൈ്വസ്വറി ബോര്‍ഡ്  നടപടികളിലേക്ക് കടക്കും.
തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ റിപോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ ഉടമകളുമായും തൊഴിലാളികളുമായും ചര്‍ച്ച ചെയ്ത് റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കും. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീടുവയ്ക്കുന്നതിന് നാലു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ബാക്കി തുകയ്ക്ക് മറ്റ് ഏജന്‍സികളുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും.
ഇതര സംസ്ഥാന തൊഴിലാളികളില്‍ 192325 പേരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇവര്‍ക്കുള്ള ആവാസ് പദ്ധതി പുരോഗമിക്കുന്നു. നഗരങ്ങളിലെത്തുന്ന വനിതാ തൊഴിലാളികള്‍ക്കായി സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കും. മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it